
ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത് ക്രിക്കറ്റ് ലോകത്തെ ഒന്നാകെ ഞെട്ടിച്ചിരുന്നു. ഇംഗ്ലണ്ടിൽ നോട്ടിങ് ഹില്ലിലെ വീട്ടിൽ കുടുംബത്തോടൊപ്പം സ്വകാര്യ ജീവിതത്തിനു പ്രാധാന്യം നൽകിയാണ് കോഹ്ലി ഇപ്പോൾ കഴിയുന്നത്.
ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് മത്സരം കാണാൻ കോഹ്ലി എത്തുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. എന്നാൽ, ആദ്യ രണ്ടു ടെസ്റ്റുകളും കാണാൻ കോഹ്ലി വന്നില്ല. അതേസമയം, ലണ്ടനിൽ വിംബ്ൾഡൺ മത്സരം കാണാൻ കോഹ്ലി, ഭാര്യ അനുഷ്ക ശർമക്കൊപ്പം എത്തിയിരുന്നു. ഇപ്പോഴിതാ, ആദ്യമായി താരം ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിച്ചതിനെ കുറിച്ച് പരസ്യമായി പ്രതികരിച്ചിരിക്കുകയാണ്. മുൻ ഇന്ത്യൻ താരം യുവരാജ് സിങ്ങിന്‍റെ നേതൃത്വത്തിലുള്ള ‘യു വി കാൻ’ ഫൗണ്ടേഷൻ ലണ്ടനിൽ സംഘടിപ്പിച്ച ചാരിറ്റി പരിപാടിയിലാണ് കോഹ്ലിയുടെ പ്രതികരണം.
കോഹ്ലിയെ കൂടാതെ, ക്രിക്കറ്റ് ഇതിഹാസങ്ങളായ സചിൻ ടെണ്ടുൽക്കർ, ബ്രയാൻ ലാറ, മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി, മുൻ ഇംഗ്ലണ്ട് നായകൻ കെവിൻ പീറ്റേഴ്സൺ, മുൻ വിൻഡീസ് താരം ക്രിസ് ഗെയിൽ എന്നിവരും പരിശീലകൻ ഗൗതം ഗംഭീർ ഉൾപ്പെട ഇന്ത്യയുടെ ടെസ്റ്റ് സ്ക്വാഡിലുള്ളവരും പരിപാടിക്കെത്തിയിരുന്നു. ഗൗരവ് കപൂറാണ് പരിപാടി ഹോസ്റ്റ് ചെയ്തത്. പരിപാടിക്കിടെ കോഹ്ലിയെ അദ്ദേഹം വേദിയിലേക്ക് ക്ഷണിക്കുന്നുണ്ട്.
ക്രിക്കറ്റ് മൈതാനത്ത് താങ്കളെ എല്ലാവരും മിസ്സ് ചെയ്യുന്നുവെന്ന് ഗൗരവ് സൂചിപ്പിച്ചപ്പോൾ, കോഹ്ലിയുടെ മറുപടി ഏറെ രസകരമായിരുന്നു. ‘ഞാൻ രണ്ടു ദിവസം മുമ്പാണ് താടിക്ക് നിറം നൽകിയത്. നാലുദിവസം കൂടുമ്പോൾ താടിക്ക് നിറം നൽകേണ്ട അവസ്ഥയാണ്’ -കോഹ്ലി പറഞ്ഞു.
ക്രിക്കറ്റ് കരിയറിൽ രവി ശാസ്ത്രി നൽകിയ പിന്തുണയെ കുറിച്ചും കോഹ്ലി തുറന്നുപറഞ്ഞു. "സത്യം പറഞ്ഞാൽ, രവി ശാസ്ത്രിക്കൊപ്പം ജോലി ചെയ്തില്ലായിരുന്നെങ്കിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഞാനുണ്ടാക്കിയ നേട്ടങ്ങൾ പലതും സാധ്യമാകില്ലായിരുന്നു. ഞങ്ങൾ ഒരുമിച്ച് സ്വന്തമാക്കിയ നേട്ടങ്ങൾ പറഞ്ഞ് അറിയിക്കാൻ കഴിയില്ല. എല്ലാ താരങ്ങൾക്കും കരിയറിൽ മുന്നേറാൻ വലിയ പിന്തുണ ആവശ്യമാണ്. ശാസ്ത്രി എനിക്ക് നൽകിയ പിന്തുണ വലുതായിരുന്നു." -കോഹ്‍ലി കൂട്ടിച്ചേർത്തു.
ഇന്ത്യൻ ടീമിനൊപ്പമുള്ള ഡ്രസ്സിങ് റൂമിലെ ആദ്യകാല അനുഭവങ്ങളും യുവരാജുമായുള്ള മികച്ച സൗഹൃദത്തെക്കുറിച്ചും കോഹ്‍ലി വാചാലനായി. "ഞാനും യുവരാജും തമ്മിൽ വലിയൊരു സൗഹൃദമുണ്ട്. ഞാൻ ഇന്ത്യക്ക് വേണ്ടി കളിക്കാൻ തുടങ്ങിയപ്പോൾ യുവരാജ്, ഹർഭജൻ സിങ്, സഹീർ ഖാൻ എന്നിവർ എനിക്ക് വലിയ പിന്തുണ നൽകി. ഒരു താരമായി വളരാൻ അവർ എന്നെ സഹായിച്ചു." -കോഹ്ലി പ്രതികരിച്ചു.
ട്വന്റി20, ടെസ്റ്റ് ക്രിക്കറ്റുകളിൽനിന്നു വിരമിച്ച കോഹ്ലി ഏകദിനത്തിൽ മാത്രമാണ് ഇന്ത്യക്കായി കളിക്കുക.