
ഏഷ്യാ കപ്പ് വിജയികളായ ഇന്ത്യയുടെ ട്രോഫിയുമായി മുങ്ങിയ സംഭവത്തിൽ, എസിസി പ്രസിഡന്റ് മാപ്പ് പറഞ്ഞെന്ന റിപ്പോർട്ടുകൾ തള്ളി മുഹ്സിൻ നഖ്‌വി. ‘‘ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, ബിസിസിഐയോട് ഞാൻ ഒരിക്കലും ക്ഷമാപണം നടത്തിയിട്ടില്ല, ഇനി ഒരിക്കലും അങ്ങനെ ചെയ്യുകയുമില്ല. എസിസി പ്രസിഡന്റ് എന്ന നിലയിൽ, ആ ദിവസം തന്നെ ട്രോഫി കൈമാറാൻ ഞാൻ തയാറായിരുന്നു, ഇപ്പോഴും ഞാൻ തയാറാണ്. അവർക്ക് അതു ശരിക്കും വേണമെങ്കിൽ, എസിസി ഓഫിസിൽ വന്ന് എന്നിൽനിന്ന് വാങ്ങാൻ അവരെ സ്വാഗതം ചെയ്യുന്നു.’’– നഖ്‌വി പറഞ്ഞു.
അതേസമയം, ഏഷ്യാ കപ്പ് ട്രോഫി യുഎഇ ക്രിക്കറ്റ് ബോർഡിനു കൈമാറിയെന്നാണ് വിവരം. എസിസി ചെയർമാൻ സ്ഥാനത്തുനിന്ന് മുഹ്‌സിൻ നഖ്‌വിയെ ഇംപീച്ച് ചെയ്യാൻ ബിസിസിഐ നടപടികൾക്ക് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ട്രോഫിയുടെ വിവരം പുറത്തുവരുന്നത്. നഖ്‌വി ഇന്ന് ലഹോറിലേക്കു മടങ്ങുമെന്നാണ് സൂചന. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) വാർഷിക പൊതുയോഗത്തിൽ, നഖ്‌വിക്കെതിരെ ഇന്ത്യൻ പ്രതിനിധികൾ ശക്തമായ എതിർപ്പുയർത്തിയിരുന്നു.
ദുബായിൽ നടന്ന വാർഷിക പൊതുയോഗത്തിൽ ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയും മുൻ ട്രഷറർ ആഷിഷ് ശെലാറുമാണ് ഇന്ത്യൻ പ്രതിനിധികളുമായി പങ്കെടുത്തത്. ഓൺലൈനായാണ് ഇരുവരും യോഗത്തിൽ പങ്കെടുത്തത്. ട്രോഫി കൈമാറാത്തതിലും മത്സരശേഷം അവാർഡ് ദാന ചടങ്ങിനിടെ നഖ്‌വി നടത്തിയ നാടകീയ നീക്കങ്ങളിലും ഇവർ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചതായി എസിസി വൃത്തങ്ങൾ പറഞ്ഞു. എന്നാൽ ട്രോഫി കൈമാറാൻ, നഖ്‌വി ഇതുവരെ സമ്മതിച്ചിട്ടില്ലെന്നും എസിസി വ്യക്തമാക്കി.
ഏഷ്യാ കപ്പ് ഇന്ത്യ നേടിയതിന് ബിസിസിഐ അംഗങ്ങളെ നഖ്‌വി അഭിനന്ദിച്ചതുമില്ല. പകരം വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പര നേടിയ നേപ്പാളിനെയും എസിസിയിൽ പുതുതായി അംഗത്വം ലഭിച്ച മംഗോളിയെയും നഖ്‌വി അഭിനന്ദിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടിയ ആഷിഷ് ശെലാർ, എന്തുകൊണ്ട് ഇന്ത്യൻ ടീമീന് അഭിനന്ദനമില്ലെന്ന് ചോദിച്ചു. ഇതോടെ ഇന്ത്യയെ അഭിനന്ദിക്കാൻ നഖ്‌വി തയാറാതായി എസിസി വൃത്തങ്ങൾ അറിയിച്ചു.
ട്രോഫി എസിസി ഓഫിസിൽ സൂക്ഷിക്കണമെന്നും ബിസിസിഐക്ക് അയച്ചു നൽകണമെന്നും രാജീവ് ശുക്ലയും ആഷിഷ് ശെലാറും ആവർത്തിച്ച് ആവശ്യപ്പെട്ടു. എന്നാൽ ട്രോഫി വേണമെങ്കിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് എസിസി ഓഫിസിൽ നേരിട്ടെത്തി സ്വീകരിക്കണമെന്നാണ് നഖ്‍വി പറഞ്ഞത്. നവംബറിൽ നടക്കുന്ന രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ കോൺഫറൻസിൽ പരാതിപ്പെടുമെന്ന് അറിയിച്ച് ഇരുവരും ഓൺലൈൻ യോഗത്തിൽനിന്നു ലെഫ്റ്റായി.