

സംഗീത സംവിധായകൻ പലാഷ് മുച്ചലുമായുള്ള വിവാഹം റദ്ദാക്കിയശേഷം ആദ്യമായി പൊതുവേദിയിലെത്തി ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്മൃതി മന്ഥന. കഴിഞ്ഞ ദിവസം നടന്ന ഒരു ചർച്ചയിലാണ് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനൊപ്പം സ്മൃതിയും പങ്കെടുത്തത്. മറ്റെന്തിനേക്കാളും കൂടുതൽ ക്രിക്കറ്റിനെയാണു താൻ സ്നേഹിച്ചതെന്ന് സ്മൃതി വ്യക്തമാക്കി.
‘‘ജീവിതത്തിൽ ക്രിക്കറ്റിനേക്കാൾ കൂടുതലായി മറ്റൊന്നിനേയും ഞാൻ സ്നേഹിച്ചതായി തോന്നുന്നില്ല. രാജ്യത്തിനായി ബാറ്റു ചെയ്യാൻ ഇറങ്ങുമ്പോൾ വേറൊരു കാര്യവും എന്റെ മനസ്സിൽ ഉണ്ടാകില്ല. ഇന്ത്യയ്ക്കായി കളിക്കുക. ജയിപ്പിക്കുക എന്നത് മാത്രമാകും എന്റെ ലക്ഷ്യം.’’– മന്ഥന വ്യക്തമാക്കി.
‘‘ജഴ്സിയിൽ ഇന്ത്യ എന്ന് എഴുതിയിരിക്കുന്നതാണ് ഏറ്റവും വലിയ പ്രചോദനം. ഈ ജഴ്സി ധരിച്ചുകഴിഞ്ഞാല്‍ നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും മാറ്റിവച്ച് ഗ്രൗണ്ടിലേക്ക് ഇറങ്ങുമെന്നു ഞാന്‍ പറയാറുണ്ട്. കാരണം നിങ്ങൾ കോടിക്കണക്കിന് ആളുകളുടെ പ്രതിനിധിയാണ്. അതിന്റെ ഉത്തരവാദിത്തമുണ്ടാകും. യാതൊരു പാളിച്ചകളുമില്ലാതെ കളിക്കാൻ നിങ്ങൾക്ക് അതു മതിയാകും.’’– സ്മൃതി മന്ഥന വ്യക്തമാക്കി.
ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ സ്മൃതി വൈസ് ക്യാപ്റ്റനായി കളിക്കും. പരമ്പരയിലെ അവസാന മൂന്നു മത്സരങ്ങൾ തിരുവനന്തപുരത്താണു നടക്കേണ്ടത്. ഇന്ത്യയുടെ ഏകദിന ലോകകപ്പ് വിജയത്തിനു പിന്നാലെയാണ് പലാഷ് മുച്ചലുമായുള്ള സ്മൃതിയുടെ വിവാഹം തീരുമാനിച്ചിരുന്നത്.