
ഏഷ്യാ കപ്പിലെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഇന്ത്യ, ഒമാനെ 21 റൺസിനാണ് തോൽപ്പിച്ചത്. മത്സരത്തിന് ശേഷം ഒമാൻ നായകൻ ജതീന്ദർ സിങ്ങിനെ മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ കെട്ടിപിടിച്ചിരുന്നു. പുരസ്‌കാര ദാന ചടങ്ങിലായിരുന്നു ഇത്. 'താങ്കളെ കാണുമ്പോഴെല്ലാം വാരിപുണരാൻ തോന്നുന്നു' എന്നാണ് മഞ്ജരേക്കർ പറഞ്ഞത്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു ക്രിക്കറ്റ് താരമാണ് താങ്കളെന്നും അദ്ദേഹം ജതീന്ദറിനോട് പറഞ്ഞു.
"എനിക്ക് നിങ്ങളെ എപ്പോൾ കണ്ടാലും കെട്ടിപിടിക്കാൻ തോന്നും. നിങ്ങൾ വളരെ വളരെ ഇഷ്ടം നേടിയെടുക്കുന്ന കളിക്കാരനാണ്. ഇന്ന് മികച്ച പ്രകടനമായിരുന്നു. നിങ്ങൾ നിങ്ങളുടെ ടീമിനെ ഓർത്ത് അഭിമാനം കൊള്ളൂ." - മഞ്ജരേക്കർ പറഞ്ഞു.
ഫീൽഡിൽ എപ്പോഴും തെളിഞ്ഞ മുഖവുമായി കാണപ്പെടുന്ന കളിക്കാരനാണ് ഒമാൻ നായകൻ ജതീന്ദർ സിങ്. മത്സരത്തിൽ ഇന്ത്യയെ വിറപ്പിക്കാൻ ഒമാന് സാധിച്ചിരുന്നു. 21 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യ ഉയർത്തിയ 189 റൺസിന്റെ വിജയലക്ഷ്യത്തിനെതിരെ ഒമാൻ ശക്തമായി പോരാടിയിരുന്ന. ഒരു ഘട്ടത്തിൽ ഇന്ത്യക്ക് തോൽവി ഭീഷണി വരെ ഉയർത്താൻ ഒമാന് സാധിച്ചു. ആദ്യ രണ്ട് മത്സരത്തിലും അനായാസം വിജയിച്ച ഇന്ത്യക്ക് ഒമാൻ നേരിയ വെല്ലുവിളി ഉയർത്തിയിരുന്നു.
അർധസെഞ്ച്വറികളുമായി തിളങ്ങിയ ആമിർ കലീമും ഹമ്മാദ് മിർസയുമാണ് ഒമാന് വേണ്ടി മികച്ച സ്‌കോർ നേടിയത്. 56 റൺസ് നേടിയ സഞ്ജു സാംസണാണ് ഇന്ത്യയുടെ ടോപ് സ്‌കോർ. 45 പന്തിൽ മൂന്ന് ഫോറും മൂന്ന് സിക്സുമടിച്ചാണ് സഞ്ജു ഇത് നേടിയത്.