
ചെന്നൈ: താൻ ഒരു തരത്തിലുള്ള ഉത്തേജകവും മനഃപൂർവം ഉപയോഗിച്ചിട്ടില്ലെന്ന് നാഡ വിലക്കേർപ്പെടുത്തിയ മലയാളി ട്രിപ്പിൾ ജംപ് താരം എൻ.വി.ഷീന. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. വൈറ്റമിൻ മരുന്നുകളും സപ്ലിമെന്റുകളും ഒരു പ്രോട്ടീൻ പൗഡറും റിക്കവറി ഡ്രിങ്കും മാത്രമാണ് ഉപയോഗിച്ചിരുന്നത്. ഇന്ത്യൻ ക്യാംപിലെ പരിശീലകൻ തന്ന സപ്ലിമെന്റും കഴിച്ചിരുന്നു. ഇവ ഒരുമിച്ച് ഉപയോഗിച്ചപ്പോഴുണ്ടായ കുഴപ്പമാണോ ആരെങ്കിലും മനഃപൂർവം തന്നെ കുടുക്കിയതാണോ എന്നും സംശയിക്കുന്നതായി ഷീന പറഞ്ഞു.
ഷീനയെ 21 ദിവസത്തേക്ക് നാഡ താൽക്കാലികമായി വിലക്കിയിരുന്നു. അപ്പീൽ നൽകാനുള്ള സമയപരിധിയാണിത്. ഉത്തേജകം ഉപയോഗിച്ചിട്ടില്ലെന്നു തെളിയിക്കാനായാൽ പിന്നീടുള്ള വലിയ വിലക്ക് ഒഴിവാക്കാം. ഈ വർഷം 5 ചാംപ്യൻഷിപ്പുകളിൽ പങ്കെടുത്തു. 3 തവണ സാംപിളുകൾ പരിശോധിച്ചത് നെഗറ്റീവ് ആണ്.
"കഴിഞ്ഞ വർഷം വിരമിക്കാനിരിക്കെ പരിശീലകരുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഈ സീസൺ കൂടി മത്സരിക്കാൻ തയാറായത്. അറിഞ്ഞു കൊണ്ട് ഞാൻ തെറ്റ് ചെയ്തിട്ടില്ല. അപ്പീൽ നൽകുന്ന കാര്യം പരിശീലകരുമായി ചർച്ച ചെയ്യുന്നുണ്ട്. തന്റെ നിരപരാധിത്വം കാട്ടി നാഡയ്ക്ക് കത്തയച്ചിട്ടുണ്ട്." - ഷീന പറഞ്ഞു.