ന്യൂഡൽഹി : ഓസ്‌ട്രേലിയയുമായി സിഡ്‌നിയിൽ നടന്ന മൂന്നാം ഏകദിന മത്സരത്തിനിടെ വാരിയെല്ലിന് പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട ഇന്ത്യയുടെ ഏകദിന വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ സുഖം പ്രാപിച്ച് വരുന്നതായി അറിയിച്ചു. തൻ്റെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് താരം ഈ വിവരം ആരാധകരുമായി പങ്കുവെച്ചത്.(I am recovering, Shreyas Iyer writes to his fans )
ക്യാച്ച് എടുക്കാൻ ഡൈവ് ചെയ്യുന്നതിനിടെയാണ് താരത്തിന് വാരിയെല്ലിന് പരിക്കേറ്റത്. ഓരോ ദിവസവും ആരോഗ്യനിലയിൽ പുരോഗതിയുള്ളതായി ശ്രേയസ് അയ്യർ വ്യക്തമാക്കി.
"ഞാൻ ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണ്. ഓരോ ദിവസവും കടന്നുപോകുന്നു. എനിക്ക് ലഭിച്ച എല്ലാ ആശംസകളും പിന്തുണയും കണ്ടതിൽ ഞാൻ വളരെ നന്ദിയുള്ളവനാണ്. ഇത് വളരെയധികം അർത്ഥവത്താണ്. നിങ്ങളുടെ ചിന്തകളിൽ എന്നെ നിലനിർത്തിയതിന് നന്ദി," അദ്ദേഹം കുറിച്ചു.
സിഡ്‌നിയിൽ നടന്ന മൂന്നാം ഏകദിനത്തിൻ്റെ 34-ാം ഓവറിലാണ് പരിക്കേൽക്കാൻ ഇടയായ സംഭവം ഉണ്ടായത്. ഓസ്‌ട്രേലിയയുടെ അലക്‌സ് കാരിയെ പുറത്താക്കാനായി ഡൈവിംഗ് ക്യാച്ച് എടുക്കാൻ ശ്രമിക്കുന്നതിനിടെ, പന്ത് പിടിച്ചെടുക്കാനായി മുന്നോട്ട് ആഞ്ഞ് ഡൈവ് ചെയ്ത താരം മറ്റൊരു തരത്തിൽ വീഴുകയായിരുന്നു.
ആദ്യമത് ചെറിയ ആഘാതമാണെന്നാണ് എല്ലാവരും കരുതിയതെങ്കിലും, വേദനകൊണ്ട് പുളഞ്ഞ താരത്തെ മെഡിക്കൽ ടീം ഉടൻ പുറത്തേക്ക് കൊണ്ടുപോയി. വിശദപരിശോധനകൾക്ക് ശേഷം പരിക്കിൻ്റെ ഗൗരവം മനസ്സിലാക്കിയാണ് സിഡ്‌നി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. പരിക്ക് ഗുരുതരമാണെന്ന വാർത്ത വന്നതോടെ ആരാധകരിലും ആശങ്ക ഉടലെടുത്തിരുന്നു.