
മുൻ ഭാര്യ ധനശ്രീ വർമയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചെഹൽ. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും താൻ ഇതിനകം തന്നെ ആ കാര്യങ്ങളിൽ നിന്നെല്ലാം മുന്നോട്ടു നീങ്ങിയെന്നും എന്നാൽ ധനശ്രീ ഇപ്പോഴും പ്രശസ്തി നേടാൻ തന്റെ പേര് ഉപയോഗിക്കുകയാണെന്നും ചെഹൽ പറഞ്ഞു. വിവാഹത്തിനു ശേഷമുള്ള ആദ്യ വർഷം തന്നെ ചെഹൽ തന്നെ ചതിക്കുകയാണെന്ന് മനസ്സിലായെന്നും രണ്ടാം മാസം കയ്യോടെ പിടികൂടിയെന്നുമായിരുന്നു ഒരു ടിവി റിയാലിറ്റി ഷോയിൽ ധനശ്രീയുടെ വെളിപ്പെടുത്തൽ.
‘‘ഞാൻ ഒരു കായികതാരമാണ്, ഞാൻ ചതിക്കില്ല. രണ്ടാം മാസത്തിൽ പിടിക്കപ്പെട്ടാൽ, ആരെങ്കിലും ഇത്രയും കാലം ബന്ധം തുടരുമോ? എന്നെ സംബന്ധിച്ചിടത്തോളം ഈ അധ്യായം അവസാനിച്ചു. ഞാൻ എന്റെ ജീവിതവുമായി മുന്നോട്ടു പോയി, മറ്റെല്ലാവരും മുന്നോട്ടു പോകണം.’’– ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ചെഹൽ പറഞ്ഞു.
‘‘ഞങ്ങളുടെ വിവാഹബന്ധം നാലര വർഷമുണ്ടായിരുന്നു. രണ്ടാം മാസത്തിൽ വഞ്ചിച്ചെന്നു തിരിച്ചറിഞ്ഞാൽ അത്രയും നാൾ ബന്ധം തുടരുമോ? മുൻപു പറഞ്ഞതുപോലെ, അക്കാര്യങ്ങൾ കഴിഞ്ഞുപോയി. പക്ഷേ ചില ആളുകൾ ഇപ്പോഴും അവിടെ കുടുങ്ങിക്കിടക്കുകയാണ്. അവരുടെ വീട് ഇപ്പോൾ എന്റെ പേരുള്ളതുകൊണ്ടാണ് നടന്നുപോകുന്നത്. അതുകൊണ്ട് അവർക്ക് അതു തുടരാം. എനിക്ക് അതിൽ ആശങ്കയോ വിഷമമോ ഇല്ല. എന്റെ ജീവിതത്തിലെ ആ അധ്യായത്തെക്കുറിച്ച് ഇതാകും ഞാൻ അവസാനമായി സംസാരിക്കുന്നത്. ഈ അധ്യായം ഞാൻ മറന്നുപോയി. ആരോ എന്തോ പറയുന്നു, അതു സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. നൂറുകണക്കിന് അഭിപ്രായങ്ങൾ വരുന്നു. പക്ഷേ ഒരു സത്യമേയുള്ളൂ. അത് എന്നെ അറിയുന്നവർക്ക് അറിയാം. എനിക്ക്, ഈ അധ്യായം അവസാനിച്ചു.’’– ചെഹൽ കൂട്ടിച്ചേർത്തു.
താനിപ്പോൾ സിംഗിളാണെന്നും മിംഗിൾ ആകാൻ ആഗ്രഹിക്കുന്നില്ലെന്നും ചെഹൽ പറഞ്ഞു. ജീവിതത്തിലും കളിയിലുമാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും താരം വ്യക്തമാക്കി. ‘‘ഓൺലൈനിൽ ഗെയിമുകൾ കളിക്കാൻ എനിക്ക് ഇഷ്ടമാണ്. എനിക്ക് ഇ-ഗെയിമിങ് ഇഷ്ടമാണ്. അതിന് വലിയൊരു ഭാവിയുണ്ടെന്ന് എനിക്കറിയാം, അവിടെയാണ് എന്റെ ശ്രദ്ധ. എനിക്ക് കൃത്യമായ ഒരു പദ്ധതിയുണ്ട്. വാസ്തവത്തിൽ, ഞങ്ങളുടെ ഗാനം ഉടൻ പുറത്തിറങ്ങും. പണ്ട്, ഞാൻ വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. കളിക്കുന്നത് ആസ്വദിക്കുകയായിരുന്നു ഞാൻ. കളിക്കാൻ എനിക്ക് വളരെ ഇഷ്ടമായിരുന്നു, അതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇപ്പോൾ ജീവിതം സുഖകരമാണ്. എന്റെ അമ്മ സന്തോഷവതിയാണ്. ഞാനും സന്തോഷവാനാണ്.വിഷമം വരുമ്പോൾ ഞാൻ ഹനുമാൻ ചാലിസ കേൾക്കും. എല്ലാ രാത്രിയിലും അതു കേൾക്കും. എല്ലാ മത്സരത്തിനും മുൻപ്, ഞാൻ ഹനുമാൻ ചാലിസ കേൾക്കും. അത് എനിക്ക് വളരെയധികം ശക്തിയും ശ്രദ്ധയും നൽകുന്നു.’’– ചെഹൽ പറഞ്ഞു.
2020 ഡിസംബറിൽ ഗുരുഗ്രാമിൽ വച്ചാണ് യുസ്വേന്ദ്ര ചെഹലും ധനശ്രീ വർമയും വിവാഹിതരായത്. കോവിഡ് ലോക്ഡൗൺ സമയത്ത്, ധനശ്രീയുടെ ഓൺലൈൻ നൃത്ത ക്ലാസുകളിൽ ചേർന്നതിനു പിന്നാലെയാണ് ഇരുവരും പ്രണയത്തിലായത്. 2022 മുതൽ ഇവർ വേർപിരിഞ്ഞാണ് താമസിക്കുന്നത്. 2025 ഫെബ്രുവരിയിൽ ദമ്പതികൾ കുടുംബ കോടതിയിൽ വിവാഹമോചനത്തിനായി സംയുക്ത ഹർജി ഫയൽ ചെയ്തു. 2025 ഐപിഎൽ സീസണിന് മുൻപ് വിവാഹമോചിതരായി. ഇതിന്റെ ഭാഗമായി ധനശ്രീക്ക് 4.75 കോടി രൂപ ചെഹൽ ജീവനാംശമായി നൽകി.