
മലേഷ്യ: സുൽത്താൻ ഓഫ് ജോഹർ ജൂനിയർ ഹോക്കി ടൂർണമെന്റിൽ ഇന്ത്യയ്ക്ക് പാക്കിസ്ഥാനെതിരെ സമനില (3–3). 2–0ന് പിന്നിൽ നിൽക്കെ 43–ാം മിനിറ്റിൽ അരൈജീത് സിങ്ങിന്റെ ഗോളിൽ ഇന്ത്യ തിരിച്ചടി തുടങ്ങി. അവസാന ക്വാർട്ടറിൽ വെറും 7 മിനിറ്റിനിടെ 2 ഗോൾ നേടിയ ഇന്ത്യ ലീഡെടുത്തു.
സൗരഭ് ആനന്ദ് (47–ാം മിനിറ്റ്), മൻമീത് സിങ് (53’) എന്നിവരായിരുന്ന സ്കോറർമാർ. 55–ാം മിറ്റിൽ പെനൽറ്റി കോർണറിൽനിന്ന് പാക്കിസ്ഥാൻ സമനില ഗോൾ നേടി. മത്സരം ആരംഭിക്കുന്നതിനു മുൻപ് രണ്ടു രാജ്യങ്ങളുടേയും ദേശീയ ഗാനത്തിനു ശേഷം, ഇന്ത്യ– പാക്ക് താരങ്ങൾ ‘ഹൈ–ഫൈവ്സ്’ നൽകിയാണ് തുടങ്ങിയത്. മത്സരത്തിനു ശേഷം താരങ്ങൾ തമ്മിലുള്ള ഹസ്തദാനത്തിനും യാതൊരു പ്രശ്നവുമുണ്ടായില്ല. കളി മാത്രം ശ്രദ്ധിച്ചാൽ മതിയെന്നും രാഷ്ട്രീയ വിവാദങ്ങൾ കളത്തിൽ വേണ്ടെന്നുമാണ് മത്സരത്തിനു മുൻപ് ഇന്ത്യ, പാക്കിസ്ഥാൻ ഹോക്കി ഫെഡറേഷനുകൾ താരങ്ങൾക്കു നൽകിയ നിർദേശം.
പഹൽഗാം ഭീകരാക്രമണത്തിനും ഓപറേഷൻ സിന്ദൂറിനും ശേഷം കായിക മേഖലയിലെ ഇന്ത്യ– പാക്കിസ്ഥാൻ ബന്ധം പൂര്‍ണമായും അവസാനിച്ച നിലയിലാണ്. ഏഷ്യാകപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും ഫൈനലിലുൾപ്പടെ മൂന്നു തവണ നേർക്കുനേർ വന്നപ്പോഴും ഇരു ടീമുകളിലെയും താരങ്ങൾ ഹസ്തദാനത്തിനു നിന്നിരുന്നില്ല. ഏഷ്യാ കപ്പ് വിജയത്തിനു ശേഷം പാക്കിസ്ഥാൻ മന്ത്രി മൊഹ്സിൻ നഖ്‍വിയിൽനിന്ന് ട്രോഫി സ്വീകരിക്കാനും ഇന്ത്യ തയാറായിരുന്നില്ല.