
റായ്പൂർ: ഇന്ത്യൻ ക്രിക്കറ്റ് സൂപ്പർ താരം വിരാട് കോഹ്ലിയുടെ ആരാധകനായ 21 കാരൻ മനീഷ് ബിസി കഴിഞ്ഞ ആഴ്ച കടന്നു പോയത് സ്വപ്നതുല്യമായ നിമിഷങ്ങളിലൂടെ. മൊബൈൽ സിം കമ്പനിയുടെ സാങ്കേതിക പിശക് മൂലം മനീഷ് ബിസിയെ തേടിയെത്തിയത് വിരാട് കോഹ്ലിയുടെയും എ.ബി ഡിവിലിയേഴ്സ് ഉൾപ്പടെയുള്ളവരുടെയും കോളുകൾ.
ജൂണിലാണ് മനീഷ് ദേവ്ബോങ്ങിലെ മൊബൈൽ കടയിൽ നിന്നും പുതിയ സിം എടുത്തത്. ഒരാഴ്ചക്ക് ശേഷം സുഹൃത്തിനൊപ്പം ചേർന്ന് വാട്സാപ്പ് അക്കൗണ്ട് സെറ്റ് ചെയ്യുന്നതിനിടെ പ്രൊഫൈൽ ചിത്രമായി രജത് പഠിതാറിന്റെ ഫോട്ടോ തെളിഞ്ഞു. സാങ്കേതിക പിഴവാണെന്ന് കരുതി മനീഷ് അത് അവഗണിച്ചു. പിന്നാലെ വിരാട് കോഹ്‍ലിയെന്നും എ.ബി ഡിവില്ലിയേഴ്‌സെന്നും പറഞ്ഞ് ഫോൺ കോളുകൾ വരാൻ തുടങ്ങി. തമാശക്ക് ആരെങ്കിലും പറ്റിക്കാൻ വിളിക്കുന്നതായിരിക്കുമെന്നാണ് ആദ്യം കരുതിയത്. എന്നാൽ, ഒടുവിൽ രജത് പഠിതാർ നേരിട്ട് വിളിച്ച് സിം തിരിച്ചു ചോദിച്ചതോടെയാണ് കാര്യങ്ങളുടെ സത്യാവസ്ഥ മനീഷിന് മനസിലാവുന്നത്. എന്നാൽ, തന്റെ ആരാധ്യ പുരുഷനായ വിരാട് കോഹ്‌ലിയും എ.ബി ഡിവില്ലിയേഴ്സും യാഷ് ദയാലും ഉൾപ്പടെയുള്ളവരുടെ ഫോൺ കോളുകൾ സ്വന്തം മൊബൈലിൽ വന്നതിന്റെ ഞെട്ടലിലാണ് മനീഷ് ഇപ്പോഴും.
"പഠിതാർ കഴിഞ്ഞ ആറ് മാസമായി വാട്സാപ്പ് ഉപയോഗിക്കുന്ന നമ്പറാണിത്. സിം ഉപയോഗത്തിലില്ലാത്തതിനെ തുടർന്ന് കമ്പനി പുതിയ കസ്റ്റമറിന് നമ്പർ അനുവദിച്ചപ്പോഴാണ് ഇത് മനീഷിന്റെ കൈവശം എത്തുന്നത്. നിലവിൽ നമ്പർ രജത് പഠിതാറിന് തിരിച്ചു നൽകിയിട്ടുണ്ട്." - ഗരിയബന്ദ് സൂപ്രണ്ട് നിഖിൽ രഖേച്ച അറിയിച്ചു. വാട്സാപ്പ് ഉപയോഗിക്കാൻ സാധിക്കാത്തതിനെ തുടർന്ന് സൈബർ പോലീസിൽ രജത് പരാതിപ്പെട്ടതോടെയാണ് സംഭവങ്ങളുടെ സത്യാവസ്ഥ പുറത്തുവന്നത്.