അണ്ടർ-19 വനിതാ ഏകദിന ടൂർണ്ണമെൻ്റിൽ കേരളത്തെ ആറ് വിക്കറ്റിന് തോല്പിച്ച് ഹരിയാന

women's under-23 ODI tournament
Updated on

മുംബൈ : ബിസിസിഐ അണ്ടർ-19 വനിതാ ഏകദിന ടൂർണ്ണമെൻ്റിൽ കേരളത്തിന് വീണ്ടും തോൽവി. ഹരിയാന ആറ് വിക്കറ്റിനാണ് കേരളത്തെ തോല്പിച്ചത്. ടൂ‍ർണ്ണമെൻ്റിൽ കേരളത്തിൻ്റെ തുടർച്ചയായ മൂന്നാം തോൽവിയാണിത്. ആദ്യം ബാറ്റ് ചെയ്ത കേരളം 48.1 ഓവറിൽ 114 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹരിയാന 22 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

തുട‍ർച്ചയായ രണ്ടാം മത്സരത്തിലും ബാറ്റിങ് നിരയുടെ തകർച്ചയാണ് കേരളത്തിന് തിരിച്ചടിയായത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് അക്കൗണ്ട് തുറക്കും മുൻപെ തന്നെ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. ആര്യനന്ദ പൂജ്യവും ശ്രേയ പി സിജു ഒരു റണ്ണും നേടി മടങ്ങി. ശ്രദ്ധ സുമേഷ് എട്ട് റൺസെടുത്ത് പുറത്തായി. തുടർന്നെത്തിയ ബാറ്റർമാരിൽ 19 റൺസെടുത്ത മനസ്വിയും 12 റൺസെടുത്ത നിഥുനയും 36 റൺസെടുത്ത അഷിമ ആൻ്റണിയും മാത്രമാണ് രണ്ടക്കം കടന്നത്. 49ആം ഓവറിൽ 114 റൺസിന് കേരളം ഓൾ ഔട്ടായി. ഹരിയാനയ്ക്ക് വേണ്ടി ഇഷാന ഗദ്ധയും ഗൗരിക യാദവും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹരിയാനയ്ക്ക് 16 റൺസെടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും ക്യാപ്റ്റനും ഓപ്പണ‍റുമായ തനിഷ്ക ശർമ്മയുടെ ഇന്നിങ്സ് തുണയായി. തനിഷ്ക 51 പന്തുകളിൽ 55 റൺസെടുത്തു. 25 റൺസുമായി വൻഷിക റാവത്തും 11 റൺസുമായി ദീപിക കുമാരിയും പുറത്താകാതെ നിന്നു. കേരളത്തിന് വേണ്ടി വി ജെ ശീതൾ നാല് വിക്കറ്റ് വീഴ്ത്തി.

Related Stories

No stories found.
Times Kerala
timeskerala.com