നവി മുംബൈ: തോൽവികളിൽ തകരാതെ, തിരിച്ചടികളിൽ പതറാതെ, നിശ്ചയദാർഢ്യത്തോടെ മുന്നേറിയാൽ ഏത് ലക്ഷ്യവും സാധ്യമാണെന്ന് തെളിയിച്ചിരിക്കുകയാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം. ഗ്രൂപ്പ് ഘട്ടത്തിൽ തുടർച്ചയായ മൂന്ന് മത്സരങ്ങൾ പരാജയപ്പെട്ട ശേഷമാണ് ടീം ഇന്ത്യ ചരിത്രത്തിലാദ്യമായി ലോകകിരീടം നേടുന്നത്.(Harmanpreet's girl gang Undeterred by Defeats)
കംപ്ലീറ്റ് ടീം വർക്കിലൂടെയും കഠിനാധ്വാനത്തിലൂടെയും നേടിയ കിരീടവുമായി ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും സംഘവും അഭിമാനത്തോടെ തലയുയർത്തി നിൽക്കുമ്പോൾ, മുൻഗാമികളുടെ മോഹഭംഗങ്ങൾക്കെല്ലാം കൂടിയാണ് ചിറകറ്റുവീണത്.
ലോകകപ്പിലെ ഇന്ത്യയുടെ മുന്നേറ്റം ഒട്ടും എളുപ്പമായിരുന്നില്ല. ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ച് തുടങ്ങിയെങ്കിലും, പിന്നാലെ ടീം പൊരുതി വീഴാൻ തുടങ്ങി. ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകളോട് തുടർച്ചയായി മൂന്ന് തോൽവികൾ വഴങ്ങി.
ഈ തോൽവികൾ 'ഈ ടീമിനെക്കൊണ്ട് ഒന്നും ആവില്ലെ'ന്ന സൈബർ അധിക്ഷേപങ്ങൾക്കും പരിഹാസങ്ങൾക്കും വഴിവെച്ചു. എന്നാൽ, ന്യൂസിലൻഡിനെതിരെ നേടിയ ആശ്വാസ ജയത്തോടെ നാലാം സ്ഥാനക്കാരായി ഇന്ത്യ സെമിയിലേക്ക് കടന്നു. ഓസ്‌ട്രേലിയക്കെതിരായ റെക്കോർഡ് ചേസ് വിജയം ടീമിൻ്റെ ഗതിയും വിധിയും മാറ്റി. വിജയശില്പിയായ ജമീമ റോഡ്രിഗ്‌സിനും ടീമിനും ആരാധക പിന്തുണ വർധിച്ചു.
2005-ലും 2017-ലും ഫൈനലിൽ അടിതെറ്റിയ ഇന്ത്യക്ക് ഇത്തവണ സ്വന്തം കാണികൾക്ക് മുന്നിൽ പിഴച്ചില്ല. ഓരോ താരവും അവരുടെ ദൗത്യം നിറവേറ്റിയതാണ് വിജയത്തിന് കാരണം: സ്മൃതി മന്ദാന434 റൺസുമായി ബാറ്റിംഗിൽ കരുത്തായി. ദീപ്തി ശർമ്മ 215 റൺസും 22 വിക്കറ്റുകളും നേടി ഓൾറൗണ്ടർ മികവ് തെളിയിച്ചു. ഷെഫാലി വർമ്മ കാമിയോ റോളിൽ കസറി ഫൈനലിലെ താരമായി.
റിച്ച ഘോഷ് വിക്കറ്റിന് മുന്നിലും പിന്നിലും വിശ്വസ്ത പ്രകടനം കാഴ്ചവെച്ചു. ശ്രീചരണി ക്രാന്തി ഗൗഡും പരിചയക്കുറവിൻ്റെ പരിഭ്രമമില്ലാതെ തിളങ്ങി.
നവി മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ കന്നി കിരീടം നേടിയത്. 299 റൺസ് പിന്തുടർന്ന ദക്ഷിണാഫ്രിക്ക 45.3 ഓവറിൽ 246 റൺസിന് എല്ലാവരും പുറത്തായി. ക്യാപ്റ്റൻ ലോറ വോൾവാർഡിൻ്റെ (98 പന്തിൽ 101) സെഞ്ചുറി പ്രകടനം പാഴായി. അഞ്ച് വിക്കറ്റ് നേടിയ ദീപ്തി ശർമ്മയാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. ഹർമൻപ്രീത് കൗർ വിശ്വകിരീടം ഏറ്റുവാങ്ങിയ നിമിഷം പുതുതലമുറയ്ക്ക് പ്രത്യാശയുടെ പുതിയ ചക്രവാളങ്ങൾ തുറന്നു നൽകി.