

ഐസിസി വനിതാ ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് കന്നി കിരീടം നേടി ഇന്ത്യൻ പെൺപുലികൾ. രണ്ടു തവണയും പൊലിഞ്ഞുപോയ സ്വപ്‌നം മൂന്നാം തവണ ഇന്ത്യന്‍ വനിതകള്‍ സ്വന്തമാക്കി. വിജയിച്ചതിന് പിന്നാലെ ട്രോഫി സ്വീകരിക്കാൻ വേദിയിലെത്തിയപ്പോൾ, ഐസിസി ചെയർമാൻ ജയ് ഷായുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങാൻ ശ്രമിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ഹർമന്‍പ്രീത് കൗർ. വിജയത്തിൽ അഭിനന്ദിച്ച് ജയ് ഷാ ഹസ്‌തദാനം ചെയ്‌തപ്പോഴായിരുന്നു താരം കാലിൽ തൊടാനായി ശ്രമിച്ചത്. എന്നാൽ ജയ്ഷാ ഇത് സ്നേഹപൂർവം നിരസിച്ചു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയായിൽ വൈറലായിട്ടുണ്ട്.
ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഉയർച്ചയിൽ ജയ് ഷായ്ക്കും നിര്‍ണായക പങ്കുണ്ട്. നേരത്തെ ബിസിസിഐ സെക്രട്ടറി എന്ന നിലയിൽ, വനിതാ ക്രിക്കറ്റില്‍ നിരവധി പരിഷ്‌കാരങ്ങള്‍ ഷാ കൊണ്ടുവന്നിരുന്നു, അതിൽ പുരുഷ ക്രിക്കറ്റ് താരങ്ങൾക്ക് തുല്യമായ മാച്ച് ഫീസ് ഉറപ്പാക്കിക്കൊണ്ട് ഇന്ത്യൻ ക്രിക്കറ്റിൽ ശമ്പള തുല്യത കൊണ്ടുവരാനുള്ള തീരുമാനവും ഉൾപ്പെടുന്നുണ്ട്. ഇത്തവണത്തെ ലോകകപ്പ് വിജയികൾക്ക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണ് ലഭിക്കുന്നത്. വനിതാ ക്രിക്കറ്റിന്‍റെ യാത്രയിലെ ഒരു നിർണായക നാഴികക്കല്ലാണ് ഈ പ്രഖ്യാപനമെന്ന് ഐസിസി ചെയർമാൻ ജയ് ഷാ പറഞ്ഞു.
സെമിഫൈനലിൽ ഓസ്ട്രേലിയയെയും കിരീടപ്പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയെയും പരാജയപ്പെടുത്തിയാണ് ഇന്ത്യ ലോക ചാമ്പ്യന്മാരായത്. ഇന്ത്യ ഉയർത്തിയ 299 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 246 റൺസിന് പുറത്താവുകയായിരുന്നു. ഷഫാലി വര്‍മയുടെ ഓള്‍ റൗണ്ട് മികവാണ് ഇന്ത്യയ്ക്ക് കിരീടം സമ്മാനിച്ചത്.