

ഏകദിന വനിതാ ലോകകപ്പ് ട്രോഫി സുഹൃത്ത് നൂപുർ കശ്യപിന് സമ്മാനിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ ജന്മദിനാശംസ. ‘‘നിനക്കു ചോദിക്കാനാകുന്നതിൽ ഏറ്റവും മികച്ച പിറന്നാൾ സമ്മാനം, 16 വർഷത്തെ പ്രകടനത്തിലൂടെ അത് ഇതാ ഇവിടെ’’– ഹർമൻപ്രീത് കൗർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപിച്ചാണ് ഇന്ത്യൻ വനിതാ ടീം കന്നിക്കിരീടം വിജയിച്ചത്. ഹർമൻപ്രീത് കൗറിന്റെ അടുത്ത സുഹൃത്താണ് നൂപുർ കശ്യപ്. കായിക മേഖലയിൽ കൺസൽട്ടന്റായി പ്രവർത്തിക്കുന്ന നൂപുർ കശ്യപ് പഞ്ചാബിലെ പട്യാല സ്വദേശിയാണ്. പഞ്ചാബിലെ തന്നെ മോഗയാണ് ഇന്ത്യൻ ടീം ക്യാപ്റ്റന്റെ ജന്മദേശം.
ലോകകപ്പ് ഫൈനലിൽ 52 റണ്‍സ് വിജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 298 റൺസാണു നേടിയത്. മറുപടി ബാറ്റിങ്ങിൽ 45.3 ഓവറിൽ 246 റൺസെടുത്ത് ദക്ഷിണാഫ്രിക്ക ഓൾഔട്ടായി. ഫൈനലില്‍ 29 പന്തുകൾ നേരിട്ട ഹർമൻപ്രീത് കൗർ 20 റൺസെടുത്തു പുറത്തായിരുന്നു.