

അഹമ്മദാബാദ്: നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കൻ ബൗളർമാരെ അക്ഷരാർത്ഥത്തിൽ കാഴ്ചക്കാരാക്കി ഹാർദിക് പാണ്ഡ്യയുടെ താണ്ഡവം. അഞ്ചാം ടി20യിൽ വെറും 25 പന്തിൽ നിന്ന് 63 റൺസാണ് പാണ്ഡ്യ അടിച്ചുകൂട്ടിയത്. നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സറിലേക്ക് പറത്തിയാണ് താരം തന്റെ ഉദ്ദേശ്യം വ്യക്തമാക്കിയത്.
അഞ്ചാമനായി ക്രീസിലെത്തിയ ഹാർദിക് മൈതാനത്തിന്റെ എല്ലാ കോണിലേക്കും ബൗണ്ടറികൾ പായിച്ചു. ജോർജ് ലിൻഡെ എറിഞ്ഞ ഓവറിൽ രണ്ട് ഫോറും രണ്ട് സിക്‌സറുമടക്കം 20 റൺസ് ഹാർദിക് വാരിക്കൂട്ടി. കോർബിൻ ബോഷിനെ കടന്നാക്രമിച്ച ഹാർദിക്, ഒരു ഫോറും രണ്ട് സിക്‌സറുമടിച്ച് വെറും 16 പന്തിൽ തന്റെ അർധസെഞ്ചുറി പൂർത്തിയാക്കി. ഈ പ്രകടനത്തോടെ ഇന്ത്യക്കായി ടി20യിൽ അതിവേഗം അർധസെഞ്ചുറി തികയ്ക്കുന്ന താരങ്ങളുടെ പട്ടികയിൽ ഹാർദിക് രണ്ടാമതെത്തി.