
ലണ്ടൻ: ഇപ്പോഴത്തെ ഫുട്‌ബോളിലെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളാണ് പെപ് ഗ്വാർഡിയോള. നിലവിൽ മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ 54 കാരൻ ക്ലബിനൊപ്പം പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ പ്രധാന ട്രോഫികളെല്ലാം സ്വന്തമാക്കിയിട്ടുണ്ട്. ബാഴ്‌സലോണയേയും ബയേൺ മ്യൂണികിനേയും പരിശീലിപ്പിച്ച ശേഷം 2016 ലാണ് പെപ് ഇംഗ്ലണ്ടിലെത്തിയത്. പ്രീമിയർ ലീഗ് സീസൺ ആരംഭിക്കാനിരിക്കെ ആദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ ഫുട്‌ബോൾ ലോകത്തെ ഞെട്ടിച്ചു. മാഞ്ചസ്റ്റർ സിറ്റിയുമായുള്ള കരാർ അവസാനിച്ചാൽ ദീർഘകാല അവധിയെടുക്കുമെന്നാണ് പെപ് പറഞ്ഞത്. സിറ്റിയുമായി 2027 വരെയാണ് കരാറുള്ളത്.
"സിറ്റിയുമായുള്ള കരാർ അവസാനിച്ചാൽ പരിശീലക ജോലിയിൽ നിന്നു അവധിയെടുക്കും. എത്ര കാലത്തേക്കെന്ന് പറയാനാവില്ല. ചിലപ്പോൾ ഒരു വർഷം, ഇല്ലെങ്കിൽ 2, 3, 5, 10, 15 വർഷത്തേക്കായിരിക്കും വിട്ടു നിൽക്കുക. കാരണം, ആഹ്ലാദം മുതൽ വിഷാദം വരെയുള്ള അവസ്ഥകളിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്." - അഭിമുഖത്തിൽ പെപ് ഗ്വാർഡിയോള പറഞ്ഞു. മുൻ ക്ലബായ ബാഴ്‌സലോണയിലേക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കിരീടമില്ലാതെയാണ് സിറ്റി കഴിഞ്ഞ സീസൺ അവസാനിപ്പിച്ചത്. തുടർ കിരീടവാഴ്ചക്ക് അറുതിവരുത്തി ലിവർപൂൾ ചാമ്പ്യൻമാരായി. ചാമ്പ്യൻസ് ലീഗിലും ക്ലബ് ലോകകപ്പിലുമെല്ലാം ക്ലബിന് വൻ തിരിച്ചടി നേരിട്ടു. ഇതിനുപിന്നാലെ ഗ്വാർഡിയോളക്കെതിരെ വ്യാപക വിമർശനങ്ങളും ഉയർന്നു.