
ഒസ്ട്രാവ: ഒസ്ട്രാവ ഗോൾഡൻ സ്പൈക് അത്‌ലറ്റിക് മീറ്റ് ജാവലിൻ ത്രോയിൽ ഇന്ത്യൻ താരം നീരജ് ചോപ്രക്ക് സ്വർണ്ണം. 85.29 മീറ്റർ ദൂരം പിന്നിട്ടാണ് നീരജ് ഒന്നാം സ്ഥാനം നേടിയത്. മുൻപു നടന്ന പാരിസ് ഡയമണ്ട് ലീഗിലും നീരജ് ഒന്നാം സ്ഥാനം നേടിയിരുന്നു. 6 ത്രോ വീതമുള്ള മത്സരത്തിൽ ഇന്ത്യൻ താരത്തിന്റെ ആദ്യത്തെയും ആറാമത്തെയും ത്രോ ഫൗൾ ആയിരുന്നു. രണ്ടാം ത്രോയിൽ 84.45 മീറ്റർ പിന്നിട്ട നീരജ്, മൂന്നാം ത്രോയിലാണ് 85.29 മീറ്റർ എറിഞ്ഞ് ഒന്നാമതെത്തിയത്. 82.17, 81.01 എന്നിങ്ങനെയായിരുന്നു അടുത്ത രണ്ട് ത്രോ.
84.12 മീറ്റർ എറിഞ്ഞ ദക്ഷിണാഫ്രിക്കയുടെ ഡൗ സ്മിത്ത് രണ്ടാമതെത്തി. സ്മിത്തിന്റെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനമാണിത്. മീറ്റിൽ നീരജിന് വെല്ലുവിളി ഉയർത്തുമെന്നു പ്രതീക്ഷിച്ച ഗ്രനാഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സിന് മൂന്നാം സ്ഥാനമാണ്. 83.63 മീറ്ററായിരുന്നു ആൻഡേഴ്സന്റെ ഏറ്റവും മികച്ച ത്രോ.
ഗോൾഡൻ സ്പൈക് മീറ്റിൽ ഇതാദ്യമായാണ് നീരജ് മത്സരിച്ചത്. കഴിഞ്ഞ രണ്ടു തവണയും മീറ്റിൽ പങ്കെടുക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പരുക്കുമൂലം അവസാന നിമിഷം പിൻമാറി. സെപ്റ്റംബറിൽ നടക്കുന്ന ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിൽ കിരീടം നിലനിർത്താനാണ് നീരജിന്റെ ശ്രമം.
മേയിൽ ദോഹ ഡയമണ്ട് ലീഗിൽ 90.23 മീറ്റർ പിന്നിട്ട നീരജ് 90 മീറ്ററിനായുള്ള നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ചിരുന്നു. 3 ഡയമണ്ട് ലീഗ് മീറ്റുകളടക്കം സീസണിലെ എല്ലാ മത്സരങ്ങളിലും ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് സ്വന്തമാക്കാനും നീരജിനായി. ജൂലൈയിൽ നടക്കുന്ന നീരജ് ചോപ്ര ക്ലാസിക്കാണ് ഇന്ത്യയുടെ ഒളിംപിക് ചാംപ്യന്റെ അടുത്ത മത്സരം.