ഫുട്ബോൾ മൈതാനത്തെ കൂട്ടുകെട്ട് ഗ്രൗണ്ടിനു പുറത്തേക്കും. അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയും യുറഗ്വായ് താരം ലൂയി സ്വാരെസും, യുറഗ്വായ് കേന്ദ്രീകരിച്ച് ഒരു പുതിയ ഫുട്ബോൾ ക്ലബ്ബിനു രൂപം നൽകാൻ തീരുമാനിച്ചതായി സ്വാരെസ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. ജിപോർട്ടിവോ എൽഎസ് എന്നു പേരിട്ടിരിക്കുന്ന ക്ലബ് യുറഗ്വായ് 4–ാം ഡിവിഷൻ ലീഗിലൂടെയാണ് പ്രഫഷനൽ ഫുട്ബോളിൽ അരങ്ങേറ്റം കുറിക്കുക.
സ്വന്തമായി ഒരു ഫുട്ബോൾ ക്ലബ് എന്ന ആഗ്രഹം 2018 മുതൽ മനസ്സിലുണ്ടായിരുന്നെന്നും ഇതുവഴി യുറഗ്വായിലെ യുവതാരങ്ങൾക്ക് അവസരമൊരുക്കാൻ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നതായും സ്വാരെസ് സമൂഹ മാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ പറഞ്ഞു. ഈ ദൗത്യത്തിൽ പങ്കാളിയാകാൻ സന്നദ്ധത അറിയിച്ച മെസ്സിക്ക് സ്വാരെസ് നന്ദി അറിയിച്ചു.
മെസ്സിക്കൊപ്പം 6 സീസണുകളിൽ സ്പാനിഷ് ക്ലബ് ബാർസിലോനയിൽ കളിച്ച സ്വാരെസ് നിലവിൽ യുഎസിലെ മേജർ ലീഗ് സോക്കറിൽ മെസ്സി കളിക്കുന്ന ഇന്റർ മയാമി ടീമിന്റെ ഭാഗമാണ്.