
ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ ശുഭ്മന്‍ ഗിൽ ഇനി ഏകദിന ടീം ക്യാപ്റ്റൻസിയും ഏറ്റെടുക്കും. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിൽ ശുഭ്മൻ ഗിൽ ഇന്ത്യയെ നയിക്കുമെന്നു ബിസിസിഐ പ്രഖ്യാപിച്ചു. നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശർമയും സൂപ്പർ താരം വിരാട് കോലിയും ഗില്ലിനു കീഴിൽ കളിക്കാനിറങ്ങും. ക്യാപ്റ്റൻസി മാറ്റത്തെക്കുറിച്ച് സിലക്ടർമാർ രോഹിത് ശർമയുമായി സംസാരിച്ച ശേഷമാണു തീരുമാനം പ്രഖ്യാപിച്ചത്.
ഒക്ടോബർ 19നാണ് ഓസ്ട്രേലിയയ്ക്കെതിരായ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര തുടങ്ങുന്നത്. ചാംപ്യൻസ് ട്രോഫിക്കു ശേഷം രോഹിത് ശർമയും വിരാട് കോലിയും വീണ്ടും ഇന്ത്യൻ ജഴ്സിയിൽ ഇറങ്ങുന്നെന്ന പ്രത്യേകതയും പരമ്പരയ്ക്കുണ്ട്. ടെസ്റ്റ്, ട്വന്റി20 ഫോര്‍മാറ്റുകളില്‍നിന്നു വിരമിച്ച സൂപ്പർ താരങ്ങൾ ഈ പരമ്പരയ്ക്കു ശേഷം ഏകദിന ക്രിക്കറ്റും അവസാനിപ്പിക്കുമെന്നാണു വിവരം.
ഏകദിന പരമ്പരയ്ക്കുള്ള 15 അംഗ ടീമിൽ ശ്രേയസ് അയ്യരാണ് വൈസ് ക്യാപ്റ്റൻ. അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ എന്നിവർ ഏകദിന ടീമിൽ ഇല്ല. കെ.എൽ. രാഹുലും ധ്രുവ് ജുറേലുമാണ് ഏകദിന ടീമിലെ വിക്കറ്റ് കീപ്പർമാർ. അതേസമയം സഞ്ജുവിനെ ട്വന്റി20 ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പേസർ ജസ്പ്രീത് ബുമ്രയ്ക്ക് ഏകദിന പരമ്പരയിൽ വിശ്രമം അനുവദിച്ചു.
ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം:
ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോലി, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), അക്ഷർ പട്ടേൽ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൻ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), യശസ്വി ജയ്സ്വാൾ.
ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം:
സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, ശുഭ്മൻ ഗിൽ (വൈസ് ക്യാപ്റ്റൻ), തിലക് വർമ, നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ, അക്ഷർ പട്ടേൽ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, ഹർഷിത് റാണ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), റിങ്കു സിങ്, വാഷിങ്ടൻ സുന്ദർ