
ഇന്ത്യയുടെ ടെസ്റ്റ് ടീം ക്യാപ്റ്റനാകുകയും ട്വന്റി20 ടീമിന്റെ വൈസ് ക്യാപ്റ്റനാകുകയും ചെയ്തതോടെ ശുഭ്മാൽ ഗില്ലിനെക്കുറിച്ച് ആരാധകർ ചോദിക്കുന്നത്, 'ഏകദിനത്തിൽ എന്നാണ് നേതൃത്വം ഏറ്റെടുക്കുക?'. അതു സംബന്ധിച്ച് ചില സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. താരത്തിന്റെ 26–ാം ജന്മദിനത്തിലാണ് പുതിയ റിപ്പോർട്ട്. 1999 സെപ്റ്റംബർ 8ന് പഞ്ചാബിലെ ഫിറോസ്‌പുരിലാണ് ഗിൽ ജനിച്ചത്.
2027 ലോകകപ്പിനു മുന്നോടിയായിട്ടുള്ള ഒരുക്കങ്ങളുടെ ഭാഗമായി ശുഭ്മാൻ ഗിൽ, ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം വൈകാതെ ഏറ്റെടുക്കുമെന്നാണ് വിവരം. അടുത്ത മാസം നടക്കുന്ന ഓസ്ട്രേലിയൻ പര്യടനം ക്യാപ്റ്റനെന്ന നിലയിൽ രോഹിത് ശർമയുടെ അവസാന പരമ്പരയാണെന്നാണ് റിപ്പോർട്ട്. ഗില്ലിന്റെ ഏകദിന ക്യാപ്റ്റനായി ഉറപ്പിച്ചു കഴിഞ്ഞു. ഇനി ഔദ്യോഗിക പ്രഖ്യാപനമെന്ന കടമ്പ മാത്രമാണ് ബാക്കിയുള്ളതെന്നാണ് സ്പോർട്സ് മാധ്യമമായ, റെവ്‌സ്പോർട്‌സിലെ റിപ്പോർട്ട്.
എല്ലാ ഫോർമാറ്റിലും ഒരു ക്യാപ്റ്റൻ എന്നതാണ് നേരത്തെ മുതൽ ബിസിസിഐയുടെ നയം. ചുരുക്കം സമയങ്ങളിൽ മാത്രമാണ് ഇതിനു മാറ്റം വന്നിട്ടുള്ളത്. നിലവിൽ ടെസ്റ്റ് ടീം ക്യാപ്റ്റനായ ഗില്ലിനെ, ഏഷ്യ കപ്പിനുള്ള ടീം പ്രഖ്യാപനത്തോടെ ട്വന്റി20യിൽ വൈസ് ക്യാപ്റ്റനാക്കുകയും ചെയ്തു. മുൻപുള്ള ട്വന്റി20 പരമ്പരകളിൽ ഉപനായകനായ അക്ഷർ പട്ടേലിനു പകരമാണ് ഗില്ലിനെ നിയമിച്ചത്. ഇതോടെ സൂര്യകുമാർ യാദവിനു ശേഷം ഗിൽ തന്നെ ട്വന്റി20 ക്യാപ്റ്റനാകുമെന്ന് ഉറപ്പായി. ഇപ്പോൾ 34 വയസ്സുള്ള സൂര്യകുമാർ യാദവിന് 2026 ട്വന്റി20 ലോകകപ്പ് വരെയാകും മിക്കവാറും ക്യാപ്റ്റൻ സ്ഥാനം ഉണ്ടാകുക.