

ശുഭ്മാൻ ഗിൽ വീണ്ടും വൻ പരാജയമായ മത്സരശേഷം സമൂഹമാധ്യമങ്ങളിൽ വൻ ആക്ഷേപങ്ങൾ. ഓപ്പണറായി മൂന്ന് സെഞ്ചുറികളടിച്ച മലയാളി താരം സഞ്ജു സാംസണ് പകരം ഓപ്പണറായി ഇറങ്ങി തുടർച്ചയായി നിരാശപ്പെടുത്തുന്ന വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ സമൂഹമാധ്യമങ്ങളിലൂടെ എടുത്തിട്ടലക്കി ആരാധകർ. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ നാലു റൺസെടുത്ത് പുറത്തായ ഗിൽ രണ്ടാം മത്സരത്തിൽ ഗോൾഡൻ ഡക്കായി മടങ്ങിയതോടെയാണ് ആരാധക രോക്ഷം രൂക്ഷമായത്. ലുങ്കി എൻഗിഡി എറിഞ്ഞ ആദ്യ ഓവറിൽ അഞ്ചാം പന്തിൽ സ്ലിപ്പിൽ ഏയ്ഡൻ മാർക്രത്തിന് ക്യാച്ച് നൽകിയാണ് ഗിൽ മടങ്ങിയത്. കട്ടക്കിലും എൻഗിഡിയുടെ പന്തിലായിരുന്നു ഗിൽ പുറത്തായത്.
അതേസമയം, സഞ്ജുവിന് പകരം ഓപ്പണറായി ഇറങ്ങിയ ഗില്ലിന് ഈ വർഷം കളിച്ച 14 മത്സരങ്ങളിൽ ഒരു അർധസെഞ്ചുറി പോലും നേടാനായിട്ടില്ല. മൂന്ന് തവണ മാത്രമാണ് ഗില്ലിന് 30ന് മുകളിൽ സ്കോർ ചെയ്യാനായത്. 47 റൺസാണ് ഉയർന്ന സ്കോർ. 23 ശരാശരിയിലും 143.71 സ്ട്രൈക്ക് റേറ്റിലും 263 റൺസാണ് ഈ വർഷം ഓപ്പണറായി ഇറങ്ങിയ ഗിൽ ഇതുവരെ നേടിയത്. കഴിഞ്ഞ 13 ഇന്നിംഗ്സിൽ 20(9), 10(7), 5(8), 47(28), 29(19), 4(3), 12(10), 37*(20), 5(10), 15(12), 46(40), 29(16), 4(2), 0 എന്നിങ്ങനെയാണ് ഗില്ലിൻറെ സ്കോറുകൾ.
ഇഷാൻ കിഷനെയും യശസ്വി ജയ്സ്വാളിനെയും സഞ്ജു സാംസണെയും റുതുരാജ് ഗെയ്ക്‌വാദിനെയും പോലുള്ള താരങ്ങളുടെ കരിയർ ഇല്ലാതാക്കി ഫേവറൈറ്റിസം കൊണ്ടാണ് ഗിൽ ടീമിൽ പിടിച്ചു നിൽക്കുന്നതെന്ന് ആരാധകർ കുറിച്ചു. ഇന്ത്യൻ ക്രിക്കറ്റിൻറെ പോസ്റ്റർ ബോയിയുടെ പ്രകടനം പരിതാപകരമാണെന്നും ആരാധകർ പരിഹസിച്ചു.
ഓപ്പണറായി ദക്ഷിണാഫ്രിക്കക്കെതിരെ രണ്ട് സെഞ്ചുറി അടക്കം മൂന്ന് സെഞ്ചുറി നേടിയ സഞ്ജുവും ഓപ്പണറായി മികച്ച റെക്കോർഡുള്ള യശസ്വി ജയ്സ്വളുമുള്ളപ്പോഴാണ് ഏഷ്യാ കപ്പിൽ ഗില്ലിനെ വൈസ് ക്യാപ്റ്റനും ഓപ്പണറുമാക്കി കോച്ച് ഗൗതം ഗംഭീർ പരീക്ഷിച്ചത്. ചണ്ഡിഗഡിലെ മുല്ലൻപുർ സ്റ്റേഡിയത്തിൽ രണ്ടാം മത്സരത്തിൽ 51 റൺസിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയോട് തോറ്റത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 214 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 19.1 ഓവറിൽ 162 റൺസിന് ഓൾഔട്ടായി. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 1–1 നു ദക്ഷിണാഫ്രിക്ക സമനില നേടി.