

ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ഓപ്പണിങ് ബാറ്ററുടെ റോളിൽ സഞ്ജു സാംസണെ പോലെ കളിക്കാൻ ശ്രമിക്കരുതെന്നു മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ. ഗിൽ അദ്ദേഹത്തിന്റെ സ്റ്റൈലിലാണു കളിക്കേണ്ടതെന്നും ഇർഫാൻ പഠാൻ യുട്യൂബ് ചാനലിലെ വിഡിയോയിൽ പ്രതികരിച്ചു. സഞ്ജു സാംസണെ മാറ്റിയാണ് അഭിഷേക് ശർമയ്ക്കൊപ്പം ശുഭ്മൻ ഗില്ലിനെ ഇന്ത്യയുടെ ഓപ്പണറായി ബിസിസിഐ ഇറക്കിയത്.
‘‘ശുഭ്മന്‍ ഗില്ലിന്റെ റോൾ എന്താണെന്നതാണു ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. അഭിഷേക് ശർമ കളിക്കുന്നതു പോലെ കളിക്കാനാണ് ഗിൽ ആഗ്രഹിക്കുന്നത്. ആദ്യ പന്തിൽ തന്നെ ഗിൽ ബൗണ്ടറി നേടി. പിന്നാലെ സ്റ്റെപ് ഔട്ട് ചെയ്ത് മുന്നോട്ട് ഇറങ്ങി. അത് മത്സരത്തിന്റെ ആദ്യ ഓവർ മാത്രമാണ്. ശുഭ്മൻ ഗില്‍ ഇങ്ങനെയല്ല കളിച്ചിരുന്നത്. ആദ്യമായാണ് ട്വന്റി20 ക്രിക്കറ്റിൽ അദ്ദേഹം ഇങ്ങനെയൊരു കാര്യം ചെയ്യുന്നത്.’’
‘‘സഞ്ജു സാംസണെയോ അഭിഷേക് ശർമയെയോ ഗിൽ പിന്തുടരേണ്ട കാര്യമില്ല. നമുക്കെല്ലാം അറിയാവുന്ന ഗില്ലായി മാത്രം കളിച്ചാൽ മതി. വ്യത്യസ്തമായ എന്തെങ്കിലും കാര്യത്തിനായി അദ്ദേഹം ശ്രമിക്കേണ്ടതില്ല. ടീമിൽ സ്ഥിരം സ്ഥാനം ഉറപ്പിച്ച ക്യാപ്റ്റനാണ് ഗിൽ. ഇപ്പോൾ ബഞ്ചില്‍ ഇരിക്കുന്ന സഞ്ജു സാംസണെപ്പോലെ ആക്രമിച്ച് കളിക്കാനാണ് ഗിൽ ശ്രമിക്കുന്നതെന്നാണ് എനിക്കു മനസ്സിലാകുന്നത്. അദ്ദേഹം സ്വന്തം കഴിവുകളിൽ ഉറച്ചുനിന്നു സ്കോർ കണ്ടെത്തുകയാണു വേണ്ടത്. ആ രീതിയിൽ തന്നെ ഗില്ലിന് റണ്‍സ് ലഭിക്കുന്നുണ്ട്. മറ്റെന്തെങ്കിലും ചെയ്താൽ അതു സ്ഥിരത നഷ്ടപ്പെടാനും കാരണമാകും.’’- ഇർഫാന്‍ പഠാൻ വ്യക്തമാക്കി.