
മുൻ ഇന്ത്യൻ താരം യുവരാജ് സിങ്ങിന്റെ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച അത്താഴവിരുന്നിൽ പങ്കെടുത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും സൂപ്പർതാരം സച്ചിൻ തെൻഡുൽക്കറിന്റെ മകൾ സാറ തെൻഡുൽക്കറും. ഇതോടെ, ഇരുവരും തമ്മിൽ ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങൾ വീണ്ടും ശക്തമായി. മാതാപിതാക്കളായ സച്ചിനും അഞ്ജലിക്കുമൊപ്പമാണ് സാറ തെൻഡുൽക്കർ വിരുന്നിനെത്തിയത്. ചടങ്ങിനിടെ ഇരുവരും സംസാരിച്ചു നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
യുവരാജ് സിങ് നേതൃത്വം നൽകുന്ന യുവികാൻ ഫൗണ്ടേഷനാണ് (YouWeCan Foundation) ലണ്ടനിൽ വിരുന്ന് സംഘടിപ്പിച്ചത്. കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിൽ അർബുദബാധിതനായി കളത്തിൽനിന്ന് വിട്ടുനിൽക്കേണ്ടി വന്ന യുവരാജ് സിങ്, അർബുദ ബാധിതരെ സഹായിക്കാനും ഇതുമായി ബന്ധപ്പെട്ട് ബോധവൽക്കരണം നടത്തുന്നതിനുമായി സ്ഥാപിച്ചതാണ് ഈ ഫൗണ്ടേഷൻ.
ഇംഗ്ലണ്ടിെനതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനു മുന്നോടിയായി സംഘടിപ്പിച്ച വിരുന്നിൽ, ശുഭ്മൻ ഗില്ലിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ടെസ്റ്റ് ടീം അംഗങ്ങളും എത്തിയിരുന്നു. വിരുന്നിനിടെ സാറ തെൻഡുൽക്കറിനു സമീപമെത്തി ചിരിയോടെ സംസാരിക്കുന്ന ഗില്ലിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.
ഗില്ലും സാറ തെൻഡുൽക്കറും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ ദീർഘകാലമായി പ്രചാരണം നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങൾ പ്രചരിച്ചെങ്കിലും ഇരുവരും പരസ്യ പ്രതികരണത്തിനു തയാറായിട്ടില്ല.