
രാജ്യാന്തര തലത്തിൽ മത്സരിക്കുന്ന വനിതാ കായിക താരങ്ങൾക്ക് ജനിതക പരിശോധന നിർബന്ധമാക്കി ലോക അത്‍ലറ്റിക്സ് സംഘടന. ലോക അത്‍ലറ്റിക്സിനു കീഴിലെ റാങ്കിങ് ടൂർണമെന്റുകളിൽ പങ്കെടുക്കുന്ന വനിതാ താരങ്ങൾ കരിയറിൽ ഒരു തവണയെങ്കിലും ജനിതക പരിശോധന പൂർത്തിയാക്കണമെന്നാണ് നിർദേശം. വനിതാ വിഭാഗം മത്സരങ്ങളിൽ ജെൻഡർ തട്ടിപ്പുകൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് വേൾഡ് അത്‌ലറ്റിക്സ് പ്രസിഡന്റ് സെബാസ്റ്റ്യൻ കോ പറഞ്ഞു.
സെപ്റ്റംബർ ഒന്നിന് പുതിയ നിയമം പ്രാബല്യത്തിൽ വരും. സെപ്റ്റംബർ 13ന് ആരംഭിക്കുന്ന ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്ന വനിതാ കായിക താരങ്ങൾ ഒന്നിന് മുൻപ് പരിശോധനയ്ക്ക് വിധേയരാകണം.
ശരീരത്തിൽ പുരുഷ ഹോർമോണിന്റെ അളവ് കൂടുതലായതിന്റെ പേരിൽ ദക്ഷിണാഫ്രിക്കൻ അത്‌ലീറ്റ് കാസ്റ്റർ സെമന്യയ്ക്ക് ലോക ഫെഡറേഷൻ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ പേരിൽ സെമന്യയും ഫെഡറേഷനും തമ്മിലുള്ള നിയമയുദ്ധം വർഷങ്ങൾ നീണ്ടു. അത്‍ലറ്റിക്സിലെ ലിംഗ നിർണയം ഉറപ്പുവരുത്താൻ കൃത്യമായ നിയമം നിലവിലില്ലാത്തത് കോടതിയിൽ ഫെഡറേഷന് തിരിച്ചടിയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വനിതാ മത്സരങ്ങളിൽ സുതാര്യത ഉറപ്പുവരുത്താൻ ജനിതക പരിശോധന നിർബന്ധമാക്കിയത്.