'ഗൗതം ഗംഭീറും സൂര്യകുമാർ യാദവും സഞ്ജുവിൽ വിശ്വസിക്കുന്നു'; മുൻ താരം ആർ അശ്വിൻ |Asia Cup
സഞ്ജുവിനെ യുഎഇക്കെതിരായ പ്ലേയിങ് ഇലവനിൽ പരിഗണിച്ചതിന് പിന്നാലെ പ്രതികരണവുമായി മുൻ താരം ആർ അശ്വിൻ. ഗൗതം ഗംഭീറും സൂര്യകുമാർ യാദവും സഞ്ജുവിൽ വിശ്വസിക്കുന്നു എന്ന് ആർ അശ്വിന്റെ നിരീക്ഷണം. ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിൽ, യുഎഇക്കെതിരെ സഞ്ജുവിനെ അഞ്ചാം നമ്പറിലാണ് ഉൾപ്പെടുത്തിയത്. തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് അശ്വിൻ്റെ നിരീക്ഷണം. ‘പ്രൊജക്ട് സഞ്ജു സാംസൺ’ എന്ന പേരിലാണ് അശ്വിൻ വിഡിയോ പോസ്റ്റ് ചെയ്തത്.
“സഞ്ജുവിനെ ടീമിലേക്ക് കൊണ്ടുവരുന്നതിൽ ടീം മാനേജ്മെൻ്റിന് വിശ്വാസമുണ്ടെന്ന കാര്യം ഉറപ്പായിരിക്കുന്നു. 'സഞ്ജു കളിക്കുമോ?' എന്ന് വാർത്താസമ്മളേനത്തിൽ വച്ച് സൂര്യകുമാർ യാദവിനോട് ചോദിച്ചിരുന്നു. അദ്ദേഹം പറഞ്ഞത്, തങ്ങൾ അവൻ്റെ കാര്യം പൂർണമായി ശ്രദ്ധിക്കുന്നുണ്ടെന്നാണ്. അത് കൃത്യമായി കാണാനുണ്ട്. അഭിഷേകും ഗില്ലും ഓപ്പൺ ചെയ്ത് പവർപ്ലേയിൽ വിക്കറ്റ് നഷ്ടപ്പെട്ടാൽ സഞ്ജു കളിക്കും. അല്ലെങ്കിൽ അഞ്ചാം നമ്പറിലാവും കളിക്കുക. സഞ്ജു മൂന്നാം നമ്പറിലും താഴെ കളിക്കുന്നത് അനീതിയാണ്.”- അശ്വിൻ പറയുന്നു.
ഏഷ്യാ കപ്പിൽ, യുഎഇക്കെതിരായ മത്സരത്തിൽ എല്ലാ പ്രവചനങ്ങളെയും തള്ളിയാണ് സഞ്ജുവിന് പ്ലേയിങ് ഇലവനിൽ ഇടം ലഭിച്ചത്. അഞ്ചാം നമ്പറിലായിരുന്നു താരത്തെ ടീം ഷീറ്റിൽ ഉൾപ്പെടുത്തിയിരുന്നത്. താരത്തിന് ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചില്ലെങ്കിലും വിക്കറ്റിന് പിന്നിൽ താരം തകർപ്പൻ പ്രകടനങ്ങൾ നടത്തി.
മത്സരത്തിൽ യുഎഇയെ കേവലം 57 റൺസിന് വീഴ്ത്തിയ ഇന്ത്യ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 4.3 ഓവറിൽ വിജയം കണ്ടു.