

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ രണ്ടു സെഞ്ചറിയും ഒരു അർധസെഞ്ചറിയും നേടി പ്ലെയർ ഓഫ് ദ് ടൂർണമെന്റ് പുരസ്കാര ജേതാവായാണ് സൂപ്പർ താരം വിരാട് കോലി ഈ വർഷത്തെ തന്റെ ക്രിക്കറ്റ് സീസൺ അവസാനിപ്പിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ഏകദിനത്തിൽ 65 റൺസ് നേടിയ കോലി പുറത്താകാതെ നിന്നു. 271 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ, അനായാസം വിജയത്തിലെത്തുകയും ചെയ്തു.
എന്നാൽ, മത്സരശേഷം, വിരാട് കോലിയുടെ ഗംഭീറിനോടുള്ള പെരുമാറ്റമാണ് ഇപ്പോൾ മൂഹമാധ്യമങ്ങളിലെ ചർച്ച. മത്സരശേഷം താരങ്ങളുമായി വിജയാഹ്ലാദം പങ്കിടുന്ന കോലി, പരിശീലകന്‍ ഗൗതം ഗംഭീറിനോട് അത്ര സന്തോഷത്തോടെയല്ല പെരുമാറിയതെന്നാണ് ആരാധകരുടെ കണ്ടുപിടിത്തം. വിഡിയോ ദൃശ്യങ്ങളടക്കം പങ്കുവച്ചാണ് സമൂഹമാധ്യമത്തിലെ ചർച്ച.
മത്സരശേഷം എല്ലാ സഹതാരങ്ങള്‍ക്കും സപ്പോര്‍ട്ടിങ് സ്റ്റാഫിനും ഹസ്തദാനം നല്‍കിയ കോലി, ഗൗതം ഗംഭീർ അടുത്ത് എത്തുമ്പോള്‍ ആളാകെ മാറുന്നതായാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. കോലിയുടെ ചിരി മായുന്നതും ശരീരപ്രകൃതി അപ്പാടെ മാറുന്നതും ദൃശ്യങ്ങളിൽ കാണാം. ചിരിച്ചുകൊണ്ടാണ് കോലി എല്ലാവര്‍ക്കും കൈ കൊടുത്ത് കെട്ടിപ്പിടിക്കുന്നത്. രോഹിത് ശർമയെ വിരാട് കോലി ഹഗ് ചെയ്തതിനു പിന്നാലെയാണ് ഗംഭീർ, കോലിയുടെ അടുത്തെത്തുന്നത്. എന്നാൽ അതുവരെ എല്ലാവരെയും കെട്ടിപ്പിടിച്ച കോലി, ഗംഭീറിനു കൈ കൊടുക്കുക മാത്രം ചെയ്ത് മുന്നോട്ടു പോയി. കോലിയുടെ മുഖത്തെ ചിരി പെട്ടെന്നു മായുകയും ചെയ്തു.
ടീമിന്റെ മുഖ്യപരിശീലകനായ ഗൗതം ഗംഭീറുമായുള്ള വിരാട് കോലിയുടെ ബന്ധം സംബന്ധിച്ചു ഒട്ടേറെ അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നു. ഇരുവരും അത്ര രസത്തിലല്ല എന്നാണ് റിപ്പോർട്ട്. ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് കോലി അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിച്ചതോടെയാണ് ബന്ധത്തിൽ വിള്ളലുകൾ വീണതെന്നാണ് സൂചന. ഗംഭീറും കോലിയും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സെലക്ഷൻ കമ്മിറ്റിയംഗവും മുൻ താരവുമായ പ്രഗ്യാൻ ഓജയെ ബിസിസിഐ ചുമതലപ്പെടുത്തിയതായും വിവരമുണ്ടായിരുന്നു.
ടെസ്റ്റിൽനിന്നു വിരമിച്ച ശേഷം കോലി ആദ്യമായി ഇന്ത്യയ്ക്കു വേണ്ടി കളിച്ചത് ഓസ്ട്രേലിയൻ പര്യടനത്തിലാണ്. ജനുവരിയിൽ, ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിലാണ് വിരാട് കോലി ഇനി ഇന്ത്യൻ ടീമിനു വേണ്ടി കളിക്കുക.