ഇന്ത്യൻ ടീമിൽ ശുഭ്മൻ ഗില്ലിനായി വാദിച്ച് ഗംഭീർ; പിന്തുണച്ച് അഗാർക്കർ | Asia Cup

ഇന്ത്യയുടെ ഓൾ ഫോർമാറ്റ് ക്യാപ്റ്റനായി ഗില്ലിനെ രൂപപ്പെടുത്താനുള്ള ഗംഭീറിന്റെ താൽപര്യമാണിതെന്നാണ് വിവരം
Asia Cup
Published on

ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റിലേക്കുള്ള ഇന്ത്യൻ ടീമിനെ ഇന്നു പ്രഖ്യാപിക്കാനിരിക്കെ, ടെസ്റ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ കാര്യത്തിൽ കുഴങ്ങി സിലക്ടർമാർ. നിലവിലെ ട്വന്റി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഫിറ്റ്നസ് വീണ്ടെടുത്ത് ടീമിൽ തിരിച്ചെത്തിയതോടെ ഗില്ലിനെ ഏഷ്യാ കപ്പ് സ്ക്വാഡിലേക്കു പരിഗണിക്കേണ്ടെന്ന തീരുമാനത്തിലായിരുന്നു സിലക്ടർമാർ. എന്നാൽ, ഗില്ലിനായി പരിശീലകൻ ഗൗതം ഗംഭീർ കടുത്ത സമ്മർദം ചെലുത്തുന്നതായാണ് വിവരം.

ഗംഭീറിന്റെ നിലപാടുകളെ പിന്തുണച്ച് ചീഫ് സിലക്ടർ അജിത് അഗാർക്കറിനും ഗില്ലിനുവേണ്ടി വാദിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇന്നു മുംബൈയിൽ ചേരുന്ന സിലക്‌ഷൻ കമ്മിറ്റി യോഗത്തിൽ ഗില്ലിനെ ടീമിൽ ഉൾപ്പെടുത്തുന്നതാകും പ്രധാന ചർച്ചാവിഷയം. സെപ്റ്റംബർ 9 മുതൽ 28 വരെ യുഎഇയിലാണ് ഏഷ്യാ കപ്പ്.

സീനിയർ താരങ്ങളെ തഴഞ്ഞ് ശുഭ്മൻ ഗില്ലിനെ ടെസ്റ്റ് ടീം ക്യാപ്റ്റനായി നിയമിക്കാനുള്ള പ്രധാന കാരണം പരിശീലകൻ ഗംഭീറായിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിലെ മിന്നും പ്രകടനത്തോടെ ഗംഭീറിന്റെ തീരുമാനം ശരിയാണെന്നു ഗിൽ തെളിയിക്കുകയും ചെയ്തു. ഇതോടെയാണ് ഏഷ്യാ കപ്പിലും ഗംഭീർ, ഗില്ലിനായി വാദിക്കുന്നത്. ഭാവിയിൽ ഇന്ത്യയുടെ ഓൾ ഫോർമാറ്റ് ക്യാപ്റ്റനായി ഗില്ലിനെ രൂപപ്പെടുത്താനുള്ള ഗംഭീറിന്റെ താൽപര്യമാണ് പിന്നിലെന്നും പറയപ്പെടുന്നു. ഗംഭീറിന്റെ ആവശ്യം സിലക്ടർമാർ അംഗീകരിച്ചാൽ മധ്യനിര താരമായ റിങ്കു സിങ്ങിനു പകരം ഗിൽ ടീമിലെത്തും.

കഴിഞ്ഞ ഐപിഎൽ സീസണിൽ ക്യാപ്റ്റനായും ബാറ്ററായും തിളങ്ങിയ ശ്രേയസ് അയ്യരെ ടീമിൽ പരിഗണിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഓപ്പണിങ്ങിൽ സഞ്ജു സാംസൺ– അഭിഷേക് ശർമ സഖ്യം തുടരുമെന്ന് ഉറപ്പായ സാഹചര്യത്തിൽ മൂന്നാം നമ്പറിൽ തിലക് വർമയ്ക്കു പകരമാകും ശ്രേയസിന് അവസരം ലഭിക്കുക. നാലാം നമ്പറിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് കളിക്കും. അഞ്ചാം നമ്പറിൽ റിങ്കു സിങ്ങോ ശുഭ്മൻ ഗില്ലോ വന്നേക്കും. ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ എന്നിവരാകും 6,7 സ്ഥാനങ്ങളിൽ.

അതേസമയം, പേസർ ജസ്പ്രീത് ബുമ്രയ്ക്ക് ഏഷ്യാ കപ്പിൽ വിശ്രമം അനുവദിക്കണമെന്ന ആവശ്യം സിലക്ടർമാർ തള്ളിയതായാണ് വിവരം. ഇതോടെ പേസ് നിരയെ ബുമ്ര തന്നെ നയിക്കും. രണ്ടാം പേസറായി അർഷ്ദീപ് സിങ്ങിനാണ് സാധ്യത. ഹാർദിക് പാണ്ഡ്യ ടീമിൽ ഉള്ളതിനാൽ മൂന്നാം പേസർക്ക് അവസരം ലഭിച്ചേക്കില്ല. സ്പിന്നർമാരായി വരുൺ ചക്രവർത്തിയും കുൽദീപ് യാദവും ടീമിൽ ഇടം പിടിച്ചേക്കും.

Related Stories

No stories found.
Times Kerala
timeskerala.com