
കാറപകടത്തിൽ മരിച്ച ലിവർപൂളിന്റെ പോർച്ചുഗൽ താരം ഡിയോഗോ ജോട്ടയ്ക്കും സഹോദരൻ ആന്ദ്രെ സിൽവയ്ക്കും ആദരമർപ്പിച്ചുകൊണ്ടാണ് ലിവർപൂൾ– ബോൺമത് മത്സരം തുടങ്ങിയത്. കിക്കോഫിനു മുൻപ് സ്റ്റേഡിയത്തിൽ ഒരു നിമിഷം മൗനം ആചരിച്ചു. ജോട്ടയുടെ ചിത്രമുള്ള കൂറ്റൻ ബാനറുകൾ ഗാലറികളിൽ ഉയർന്നു. ജോട്ടയുടെ ജഴ്സി നമ്പറിന്റെ മാതൃകയിൽ പ്ലക്കാർഡുകളേന്തി ഗാലറിയിൽ ലിവർപൂൾ ആരാധകർ അണിനിരന്നു.
ഇരു ടീമിലെയും താരങ്ങൾ കറുത്ത ആം ബാൻഡ് അണിഞ്ഞാണ് ഗ്രൗണ്ടിൽ ഇറങ്ങിയത്. മത്സരം തുടങ്ങി 20 മിനിറ്റും 20 സെക്കൻഡും കഴിഞ്ഞപ്പോൾ ഗാലറിയിൽ ‘ജോട്ട ഗാനം’ മുഴങ്ങി. ലിവർപൂൾ താരങ്ങളായ എകിടികെയും ഗാക്പോയും സലായും തങ്ങളുടെ ഗോളുകൾ സമർപ്പിച്ചത് ജോട്ടയ്ക്കായിരുന്നു. ജോട്ടയോടുള്ള ആദരസൂചകമായി ആൻഫീൽഡിൽ പോർച്ചുഗൽ താരത്തിന്റെ പ്രതിമ സ്ഥാപിക്കുമെന്ന് ലിവർപൂൾ മാനേജ്മെന്റ് പ്രഖ്യാപിച്ചിരുന്നു.