ഫ്രഞ്ച് ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസിൽ നിലവിലെ ചാംപ്യൻ ഇഗ സ്യാംതെക് നാലാം റൗണ്ടിൽ. അഞ്ചാം സീഡ് റുമാനിയയുടെ ജാക്വിലിൻ ക്രിസ്റ്റ്യനെ നേരിട്ടുള്ള സെറ്റുകൾക്ക് (6–2, 7–5) തോൽപിച്ചാണ് പോളിഷ് താരം നാലാം റൗണ്ടിൽ കടന്നത്. ആദ്യ സെറ്റിൽ അനായാസം ജയിച്ച ഇഗയ്ക്കു രണ്ടാം സെറ്റിൽ വെല്ലുവിളി ഉയർത്താൻ ജാക്വിലിനു സാധിച്ചെങ്കിലും മത്സരം മൂന്നാം സെറ്റിലേക്കു എത്തിക്കാൻ താരത്തിനു കഴിഞ്ഞില്ല. ടോപ് സീഡ് ബെലാറൂസിന്റെ അരീന സബലേങ്കയും ഇന്നലെ നാലാം റൗണ്ടിൽ കടന്നു. സെർബിയയുടെ ഓൽഗ ഡാനിലോവിച്ചിനെയാണ് (6–2, 6–3) തോൽപിച്ചത്.
പുരുഷ സിംഗിൾസിൽ സെർബിയൻ താരം നൊവാക് ജോക്കോവിച്ച്, ഇറ്റലിയുടെ ലോറൻസ് മുസെറ്റി, ഡെൻമാർക്കിന്റെ ഹോൾഗർ റൂണെ, യുഎസ് താരം ടോമി പോൾ എന്നിവർ മൂന്നാം റൗണ്ടിൽ കടന്നപ്പോൾ പോർച്ചുഗൽ താരം ന്യൂനോ ബോർഹസ് രണ്ടാം റൗണ്ടിൽ തോറ്റു.
പുരുഷ ഡബിൾസിൽ ഇന്ത്യയുടെ യുകി ഭാംബ്രി– യുഎസിന്റെ റോബർട്ട് ഗാലോവേ സഖ്യം മൂന്നാം റൗണ്ടിൽ കടന്നു. ന്യൂസീലൻഡിന്റെ മൈക്കൽ വീനസ്– ക്രൊയേഷ്യയുടെ നികോള മെക്ടിച്ച് സഖ്യത്തെയാണ് തോൽപിച്ചത് (7–6, 6–4, 3–6).