ഫ്രഞ്ച് ഓപ്പൺ ഗ്രാൻസ്‍ലാം ടെന്നിസിന് നാളെ തുടക്കം. കഴിഞ്ഞ 5 ഗ്രാൻസ്‍ലാം ടൂർണമെന്റുകളിലെ കിരീടങ്ങൾ പങ്കിട്ടെടുത്ത സിന്നറും അൽകാരസും ഫ്രഞ്ച് ഓപ്പണിൽ ഫൈനലിന് മുൻപ് പരസ്പരം കളിക്കില്ല. കഴിഞ്ഞയാഴ്ച നടന്ന ഇറ്റാലിയൻ ഓപ്പൺ ടെന്നിസ് ഫൈനലിൽ സിന്നറെ തോൽപിച്ച് ജേതാവായതിന്റെ ആത്മവിശ്വാസത്തിലാണ് അൽകാരസ് എത്തുന്നത്. ജനുവരിയിൽ നടന്ന ഓസ്ട്രേലിയൻ ഓപ്പൺ ഗ്രാൻസ്‌ലാമിൽ സിന്നർക്കായിരുന്നു കിരീടം. പ്രായത്തിന്റെയും പരുക്കിന്റെയും വെല്ലുവിളികളെ അതിജീവിച്ച് നൊവാക് ജോക്കോവിച്ചും ഇത്തവണ കളത്തിലുണ്ട്. നിലവിൽ ലോക റാങ്കിങ്ങിൽ ആറാം സ്ഥാനത്തുള്ള ജോക്കോവിച്ച് 2023 യുഎസ് ഓപ്പണിലാണ് അവസാനമായി ഗ്രാൻസ്‌ലാം ജേതാവായത്.
ആദ്യ മത്സരങ്ങൾ ജയിച്ചു മുന്നേറിയാൽ ക്വാർട്ടറിൽ മൂന്നാം സീഡ് അലക്സാണ്ടർ സ്വരേവ്, ജോക്കോയുടെ എതിരാളിയായേക്കും. ഈ മത്സരത്തിലെ വിജയികളും യാനിക് സിന്നറും തമ്മിലുള്ള സെമിഫൈനൽ പോരാട്ടിനാണ് സാധ്യത.
വനിതാ സിംഗിൾസിൽ ഫോമിലേക്ക് തിരിച്ചെത്താനൊരുങ്ങുന്ന നിലവിലെ ചാംപ്യൻ പോളണ്ടിന്റെ ഇഗാ സ്യാംതെക്കിന് വെല്ലുവിളികൾ ഏറെയാണ്. ക്വാർട്ടർ ഫൈനലിൽ കഴിഞ്ഞ തവണത്തെ റണ്ണറപ് ജാസ്മിൻ പവോലീനിയെ നേരിടേണ്ടിവരുന്ന ഇഗയ്ക്ക്, ഈ മത്സരം ജയിച്ചാൽ സെമിയിൽ എതിരാളിയാകുന്നത് ലോക ഒന്നാം നമ്പർ ബെലാറൂസിന്റെ അരീന സബലേങ്കയായിരിക്കും.