
ആവേശകരമായ പോരാട്ടത്തിനൊടുവിൽ ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നിലനിർത്തി കാർലോസ് അൽകാരസ്. ഇറ്റലിയുടെ യാനിക് സിന്നറിനെയാണ് സ്പാനിഷ് താരം കീഴടക്കിയത്. അൽകാരസിന്റെ അഞ്ചാം ഗ്രാൻഡ്‌സ്‌ലാം കിരീട നേട്ടമാണിത്. ആദ്യ രണ്ട് സെറ്റുകൾ നഷ്ടമായ ശേഷമാണ് അൽകാരസിന്റെ വമ്പൻ തിരിച്ചുവരവ്. സ്‌കോർ: 4-6, 6-7, 6-4, 7-6, 7-6. അഞ്ച് മണിക്കൂർ 29 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ജേതാക്കളെ തീരുമാനിച്ചത്. ഫ്രഞ്ച് ഓപ്പൺ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ ഫൈനലിലൊന്നാണ് ഇന്നലെ നടന്നത്.
12 മിനിറ്റോളം നീണ്ട ഓപ്പണിങ് ഗെയിം ജയിച്ച് യാനിക് സിന്നറിന് മികച്ച തുടക്കമാണ് ലഭിച്ചത്. സെറ്റ് 6-4ന് സ്വന്തമാക്കുകയും ചെയ്തു. രണ്ടാം സെറ്റ് ടൈബ്രേക്കറിലൂടെയും നേടിയതോടെ അൽകാരസ് പ്രതിരോധത്തിലായി. എന്നാൽ മൂന്നാം സെറ്റിൽ വീര്യത്തോടെ പൊരുതിയ സ്പാനിഷ് താരം 4-6ന് സെറ്റ് സ്വന്തമാക്കി. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ടൈ ബ്രേക്കിൽ അൽകാരസ് പിടിച്ചെടുത്തതോടെ മത്സരം ആവേശകരമായി. അഞ്ചാം സെറ്റിലും ഇരുതാരങ്ങളും വീറോടെ പൊരുതിയതോടെ ഫ്രഞ്ച് ഓപ്പണിലെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നായി മാറി. ഒടുവിൽ അഞ്ചാം സെറ്റും സ്വന്തമാക്കി ഫ്രഞ്ച് ഓപ്പൺ കിരീടം അൽകാരസ് നിലനിർത്തി