ഫ്രഞ്ച് ഓപ്പൺ പുരുഷ ഡബിൾസിൽ മൂന്നാം റൗണ്ടിൽ പുറത്തായതിനു പിന്നാലെ ഇന്ത്യൻ വെറ്ററൻ താരം രോഹൻ ബൊപ്പണ്ണയുടെ റാങ്കിങ്ങിലും വൻ ഇടിവ്. ഡബിൾസ് റാങ്കിങ്ങിൽ 20 സ്ഥാനങ്ങൾ നഷ്ടമായ നാൽപ്പത്തഞ്ചുകാരൻ ബൊപ്പണ്ണ 53–ാം റാങ്കിലേക്ക് താഴ്ന്നു. എടിപി ഡബിൾസ് റാങ്കിങ്ങിൽ 15 വർഷത്തിനുശേഷമാണ് ബൊപ്പണ്ണ ആദ്യ 50–ൽ നിന്ന് പുറത്താകുന്നത്. 2010 ജൂണിൽ 52–ാം സ്ഥാനത്തെത്തിയതായിരുന്നു ഇതിനു മുൻപുള്ള മോശം റാങ്കിങ്.
കഴിഞ്ഞവർഷത്തെ ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നേടിയതിനു പിന്നാലെ ലോക റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന പ്രായം കൂടിയ താരമെന്ന റെക്കോർഡ് ബൊപ്പണ്ണ സ്വന്തമാക്കിയിരുന്നു. ലോക റാങ്കിങ്ങിൽ 35–ാം സ്ഥാനത്തുള്ള യുകി ഭാംബ്രിയാണ് നിലവിൽ റാങ്കിങ്ങിൽ മുന്നിലുള്ള ഇന്ത്യന്‍ ഡബിൾസ് താരം.
പുരുഷ സിംഗിൾസിൽ സുമിത് നാഗൽ റാങ്കിങ്ങിൽ 233–ാം സ്ഥാനത്തേക്കു താഴ്ന്നു. കഴിഞ്ഞവർഷം ജൂലൈയിൽ 68–ാം റാങ്കുവരെ മുന്നേറിയ ശേഷമായിരുന്നു ഇരുപത്തേഴുകാരൻ സുമിത്തിന്റെ വീഴ്ച.