
ഫ്രഞ്ച് ഫുട്ബോൾ ഇതിഹാസം സിനദിൻ സിദാന്റെ മകൻ ലൂക്ക സിദാൻ അൾജീരിയ ദേശീയ ടീമിൽ. സൊമാലിയ, യുഗാണ്ട ടീമുകൾക്കെതിരായ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങളിൽ, ഗോൾകീപ്പറായ ലൂക്ക, അൾജീരിയയെ പ്രതിനിധീകരിക്കും. ഫ്രാൻസിനായി ജൂനിയർ തലത്തിൽ കളിച്ചിട്ടുള്ള ഇരുപത്തിയേഴുകാരൻ ലൂക്ക, കഴിഞ്ഞ മാസമാണ് അൾജീരിയ ടീമിൽ കളിക്കാനുള്ള അനുമതി നേടിയത്.
സിദാന്റെ മാതാപിതാക്കൾ അൾജീരിയ വംശജരാണ്. ഇതുവഴിയാണ് ലൂക്കയ്ക്ക് അൾജീരിയ ദേശീയ ടീമിൽ കളിക്കാൻ അവസരം ലഭിച്ചത്. സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന്റെ അക്കാദമിയിലൂടെ വളർന്ന ലൂക്ക നിലവിൽ സ്പെയിനിലെ രണ്ടാം ഡിവിഷൻ ക്ലബ് ഗ്രനാഡയുടെ താരമാണ്.