
ഗോളും അസിസ്റ്റുമായി സൂപ്പർ താരം കിലിയൻ എംബപെ നയിച്ച ഫുട്ബോൾ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അസർബൈജാനെതിരെ ഫ്രാൻസിന് 3–0ന്റെ ആധികാരിക ജയം. പരുക്കുമൂലം ഉസ്മാൻ ഡെംബലെ ഉൾപ്പെടെയുള്ള പ്രധാന താരങ്ങൾ ഇല്ലാതെ ഇറങ്ങിയ ഫ്രാൻസിന്റെ പ്രതീക്ഷ മുഴുവൻ എംബപെയിലായിരുന്നു. ആ പ്രതീക്ഷ തെറ്റിക്കാതെ ആദ്യ പകുതിയുടെ ഇൻജറി ടൈമിൽ തന്നെ എംബപെ ഫ്രാൻസിനെ മുന്നിലെത്തിച്ചു.
പിന്നാലെ രണ്ടാം പകുതിയിൽ അഡ്രീൻ റാബിയോ (69–ാം മിനിറ്റ്), ഫ്ലോറിയൻ തൗവിൻ (84) എന്നിവർ കൂടി വലകുലുക്കിയതോടെ ഫ്രാൻസിന്റെ സ്കോർ കാർഡ് പൂർണം. ജയത്തോടെ ഗ്രൂപ്പ് ഡിയിൽ 9 പോയിന്റുമായി ഫ്രാൻസ് ഒന്നാം സ്ഥാനത്തു തുടരുന്നു. ഒരു പോയിന്റ് മാത്രമുള്ള അസർബൈജാൻ നാലാം സ്ഥാനത്തും.
യൂറോപ്യൻ യോഗ്യതാ റൗണ്ടിലെ മറ്റു പ്രധാന മത്സരങ്ങളിൽ ജർമനി 4–0ന് ലക്സംബർഗിനെയും ഡെൻമാർക്ക് 6–0ന് ബെലാറൂസിനെയും സ്വിറ്റ്സർലൻഡ് 2–0ന് സ്വീഡനെയും യുക്രെയ്ൻ 5–3ന് ഐസ്‌ലൻഡിനെയും തോൽപിച്ചപ്പോൾ ബൽജിയം– നോർത്ത് മാസിഡോണിയ മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.