നാലാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ന്; മാഞ്ചസ്റ്ററിൽ ഇന്ത്യൻ ടീം ചരിത്രം കുറിക്കുമോ? | Manchester Test

പന്തു തന്നെ വിക്കറ്റ് കീപ്പർ; ആകാശ് ദീപിനു പകരം അംശുൽ കംബോജ് കളിച്ചേക്കും
Pant
Published on

മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിനായി ടീം ഇന്ത്യ ഇന്നിറങ്ങും. ഇംഗ്ലിഷ് ഫുട്ബോൾ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ട് എന്ന പേരിൽ പ്രസിദ്ധമായ ഓൾഡ് ട്രാഫഡ് സ്റ്റേഡിയത്തിലാണ് മത്സരം. ഇതുവരെ 9 ടെസ്റ്റുകളാണ് ടീം ഇന്ത്യ ഓൾഡ് ട്രാഫഡിൽ കളിച്ചത്. ഇതിൽ നാലെണ്ണത്തിൽ തോൽക്കുകയും അഞ്ചെണ്ണം സമനിലയിൽ കലാശിക്കുകയും ചെയ്തു. ഈ ഗ്രൗണ്ടിലേക്കാണ് പരമ്പരയിലെ നിർണായക മത്സരത്തിനായി ശുഭ്മൻ ഗില്ലും സംഘവും വരുന്നത്. എന്നാൽ, മറുവശത്ത് 5 മത്സര പരമ്പരയി‍ൽ 2–1നു ലീഡ് ചെയ്യുന്ന ആതിഥേയർക്കു പരമ്പര സ്വന്തമാക്കാനുള്ള സുവർണാവസരമാണ് ഓൾഡ് ട്രാഫഡിൽ കാത്തിരിക്കുന്നത്. മത്സരം വൈകിട്ട് 3.30 മുതൽ സോണി ടെൻ ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം കാണിക്കും.

മാഞ്ചസ്റ്റർ ടെസ്റ്റിൽ ഒരു എക്സ്ട്രാ ബാറ്ററെ കളിപ്പിക്കാൻ ഇന്ത്യ ആലോചിക്കുന്നുണ്ട്. അങ്ങനെ വന്നാൽ പരുക്കേറ്റു പുറത്തായ നിതീഷ് കുമാർ റെഡ്ഡിക്കു പകരം ധ്രുവ് ജുറേൽ ടീമിലെത്തും. നിതീഷിനു പകരം ഷാർദൂൽ ഠാക്കൂർ മതിയെന്നു തീരുമാനിച്ചാൽ വാഷിങ്ടൻ സുന്ദറിനു പകരം ജുറേലിനെ പരിഗണിച്ചേക്കും. മൂന്നാം നമ്പറിൽ കരുൺ നായർ കളിക്കാനാണു സാധ്യത.

ആകാശ് ദീപ്, അർഷ്ദീപ് സിങ് എന്നീ പേസർമാർ പരുക്കിന്റെ പിടിയിലായതോടെ നാലാം ടെസ്റ്റിൽ ഏതൊക്കെ പേസർമാരെ കളിപ്പിക്കണമെന്ന സംശയത്തിലാണ് ടീം ഇന്ത്യ. സീനിയർ പേസർ ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജും ആദ്യ ഇലവനിൽ ഉണ്ടാകുമെന്ന് ഉറപ്പാണ്. മൂന്നാം പേസർ ആരാകും? ആദ്യ ടെസ്റ്റ് കളിച്ച പ്രസിദ്ധ് കൃഷ്ണയ്ക്ക് വീണ്ടും അവസരം നൽകുമോ? അതോ യുവ പേസർ അംശുൽ കംബോജിന് അരങ്ങേറ്റത്തിന് വഴിയൊരുങ്ങുമോ? സന്നാഹമത്സരത്തിലെ മികച്ച പ്രകടനം അംശുലിനു മുൻതൂക്കം നൽകുന്നുണ്ട്.

അതേസമയം, 11 മത്സരങ്ങളിൽ നിന്ന് 65.20 ശരാശരിയിൽ ഒരു സെ‍ഞ്ചറിയും 7 അർധ സെഞ്ചറിയുമടക്കം 978 റൺസാണ് മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫഡ് ഗ്രൗണ്ടിൽ ഇംഗ്ലിഷ് താരം ജോ റൂട്ടിന്റെ നേട്ടം. പരമ്പരയിൽ മികച്ച ഫോമിലുള്ള റൂട്ട് തന്നെയാകും മാഞ്ചസ്റ്ററിലും ഇംഗ്ലിഷ് ബാറ്റിങ്ങിന്റെ പടനായകൻ. 52.63 ശരാശരിയിൽ 579 റൺസ് നേടിയ ബെൻ സ്റ്റോക്സിനും മാഞ്ചസ്റ്റർ ഭാഗ്യഗ്രൗണ്ടാണ്. പരമ്പരയിൽ കൈമോശം വന്ന തന്റെ ബാറ്റിങ് ഫോം മാഞ്ചസ്റ്ററിൽ തിരിച്ചുപിടിക്കാനുറപ്പിച്ചാകും ഇംഗ്ലണ്ട് നായകൻ ഇറങ്ങുക.

നാലാം ടെസ്റ്റിൽ ഋഷഭ് പന്ത് തന്നെയായിരിക്കും ടീം ഇന്ത്യയുടെ വിക്കറ്റ് കീപ്പറെന്ന് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ. ലോഡ്സ് ടെസ്റ്റിനിടെ കൈവിരലിനു പരുക്കേറ്റ പന്ത് മാഞ്ചസ്റ്ററിൽ സ്പെഷലിസ്റ്റ് ബാറ്ററായി മാത്രം കളിച്ചേക്കുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ പന്ത് തന്നെയാകും വിക്കറ്റ് കീപ്പറെന്നു ഗിൽ വ്യക്തമാക്കി. പേസർ ആകാശ് ദീപ് ഇന്നു കളിക്കില്ലെന്നും പകരം ആരു വരുമെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും ഗിൽ മാധ്യമസമ്മേളനത്തിൽ പറഞ്ഞു.

പേസ് ബോളർമാരെ തുണയ്ക്കുന്ന പിച്ചാണ് ഓൾഡ് ട്രാഫഡിലേത്. മഴയ്ക്കു സാധ്യതയുള്ളതിനാൽ പേസ് ബോളർമാർക്ക് ആനുകൂല്യം ലഭിക്കും. അപ്രതീക്ഷിത ബൗൺസുമായി ബാറ്റർമാരെ പ്രതിരോധത്തിലാക്കുന്ന പിച്ചിൽ ഇംഗ്ലിഷ് പേസർ ജോഫ്ര ആർച്ചറായിക്കും ഇന്ത്യയുടെ പ്രധാന വെല്ലുവിളി.

Related Stories

No stories found.
Times Kerala
timeskerala.com