
പിഎസ്‌ജിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ആദ്യ ക്ലബ്ബ് ലോക കപ്പ് സ്വന്തമാക്കിയ ചെല്‍സി ടീമില്‍ അംഗമായ പ്രതിരോധനിരതാരം റീസ് ജെയിംസിനെ അഭിനന്ദിച്ച് ഏഴ് തവണ ഫോര്‍മുല വണ്‍ ലോക ചാമ്പ്യനായ ലൂയിസ് ഹാമില്‍ട്ടണ്‍. ആഗോളതലത്തില്‍ ചെല്‍സിക്ക് ക്ലബ് ലോക കപ്പ് വിജയം ഒരു പ്രധാന നേട്ടമായി മാറിയെന്നും വിജയത്തില്‍ ജെയിംസ് നിര്‍ണായക പങ്ക് വഹിച്ചെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ ലൂയിസ് പറഞ്ഞു. ക്ലബ്ബ് ലോകകപ്പ് കിരീടം പിടിച്ചുനില്‍ക്കുന്ന ചെല്‍സി വലതുവിങ് ബാക്കിന്റെ ഫോട്ടോയും ലൂയീസ് ഹാമില്‍ട്ടണ്‍ കുറിപ്പിനോടൊപ്പം പങ്കുവച്ചു. "നിങ്ങള്‍ തല ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് നീങ്ങി, നിന്നില്‍ അഭിമാനിക്കുന്നു സഹോദരാ" എന്നും കുറിച്ചു.
പി.എസ്.ജിക്കെതിരായ ചെല്‍സിയുടെ വിജയത്തില്‍ റീസ് ജെയിംസ് മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. പിഎസ്ജിയുടെ മുന്നേറ്റ നിര താരങ്ങളെ പ്രതിരോധിക്കുന്നതിനോടൊപ്പം ഇംഗ്ലീഷ് ക്ലബ്ബിന്റെ മൂര്‍ച്ചയുള്ള നീക്കങ്ങളില്‍ നിര്‍ണായക പങ്കും റീസ് ജെയിംസ് വഹിച്ചു. ജെയിംസ് ടീമിന്റെ അഭിവാജ്യഘടകമാണെന്ന് തെളിയിച്ച മത്സരം കൂടിയായിരുന്നു ക്ലബ് ലോക കപ്പ് ഫൈനല്‍ അടക്കമുള്ള മത്സരങ്ങള്‍.
മുമ്പും പ്രഫഷണല്‍ കായിക താരങ്ങളെ അഭിനന്ദിച്ചും പിന്തുണച്ചും ലൂയീസ് ഹാമില്‍ട്ടണ്‍ സാമൂഹിക മാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.