
1952ൽ ചരിത്രത്തിലാദ്യമായി ടെസ്റ്റ് പരമ്പര കളിച്ച പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമംഗവും പാക്ക് ക്രിക്കറ്റിലെ ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും മുതിർന്ന താരവുമായ വസീർ മുഹമ്മദ് (95) ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ അന്തരിച്ചു. പാക്കിസ്ഥാൻ ടെസ്റ്റ് ടീമംഗങ്ങളായിരുന്ന ഹനീഫ്, മുഷ്താഖ്, സാദിഖ് മുഹമ്മദ് സഹോദരന്മാരുടെ ജ്യേഷ്ഠനായിരുന്നു വസീർ മുഹമ്മദ്.
1952–59 കാലഘട്ടത്തിൽ പാക്കിസ്ഥാനായി 20 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള വസീർ വെസ്റ്റിൻഡീസിനെതിരെ 1957–58ലെ പോർട്ട് ഓഫ് സ്പെയിൻ ടെസ്റ്റിൽ നേടിയ 189 റൺസ് ശ്രദ്ധേയമായി. ഈ മത്സരത്തിൽ പാക്കിസ്ഥാന്റെ വിജയശിൽപിയായിരുന്നു വസീർ.
മറ്റു സഹോദരന്മാരെപ്പോലെ സ്റ്റൈലിഷ് ബാറ്ററായിരുന്ന വസീറിന്റെ പ്രശസ്തമായ ഇന്നിങ്സുകളിലൊന്നായിരുന്നു, 1954ൽ ഇംഗ്ലണ്ടിലെ ഓവലിൽ പാക്കിസ്ഥാൻ വിജയിച്ച ടെസ്റ്റിലേത്. ഈ മത്സരത്തിൽ ടീമിന്റെ ടോപ്സ്കോററും (42) വസീറായിരുന്നു. സജീവ ക്രിക്കറ്റിൽനിന്നു വിരമിച്ചതിനു ശേഷം പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ഉപദേശക സമിതിയംഗമായി. പിന്നീട് ഇംഗ്ലണ്ടിലേക്കു താമസം മാറ്റി.