
പുതിയ ദേശീയ പരിശീലകൻ ഖാലിദ് ജമീലിന്റെ ടീമിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രിയില്ല. ഈ മാസം 29 മുതൽ തജിക്കിസ്ഥാനിലും ഉസ്ബെക്കിസ്ഥാനിലുമായി നടക്കുന്ന കാഫാ നേഷൻസ് കപ്പിനുള്ള 35 അംഗ സാധ്യതാ ടീമിലാണ് സുനിൽ ഛേത്രിയുടെ പേരില്ലാത്തത്. വിരമിക്കൽ തീരുമാനം പിൻവലിച്ച് ഇന്ത്യൻ ദേശീയ ടീമിലേക്കു മടങ്ങിവന്നിരുന്നു സുനിൽ ഛേത്രി.
ഐഎസ്എൽ ക്ലബ് ബെംഗളൂരു എഫ്സിയുടെ താരമായ ഛേത്രിയെ ഒഴിവാക്കിയെങ്കിലും ടീമിൽനിന്നു ഗോളി ഗുർപ്രീത് സിങ് സന്ധു ഉൾപ്പെടെ 5 പേരെ ഖാലിദ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ താരങ്ങൾ മോഹൻ ബഗാനിൽ നിന്നാണ്, 7 പേർ.
മുൻ ഇന്ത്യൻ കോച്ച് മനോലോ മാർക്കേസിന്റെ അഭ്യർഥന പ്രകാരം വിരമിക്കൽ പിൻവലിച്ച ഛേത്രി അതിനു ശേഷം ഇന്ത്യയ്ക്കായി 3 മത്സരങ്ങളാണു കളിച്ചത്. ഒന്നിൽ ടീം ജയിച്ചു. ഛേത്രിയെ ഒഴിവാക്കിയതിനെക്കുറിച്ച് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനോ കോച്ചോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
29ന് തജിക്കിസ്ഥാൻ, സെപ്റ്റംബർ ഒന്നിന് ഇറാൻ, നാലിന് അഫ്ഗാനിസ്ഥാൻ എന്നീ ടീമുകൾക്കെതിരെയാണ് ഇന്ത്യയുടെ മത്സരങ്ങൾ. മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദ്, എം.എസ്. ജിതിൻ എന്നിവർ ഖാലിദ് ജമീലിന്റെ സാധ്യതാ ടീമിലുണ്ട്.