ലണ്ടൻ: ഇസ്രായേൽ വിരുദ്ധ നിലപാടെടുത്തതിന് പുറത്താക്കിയ ഇംഗ്ലീഷ് ഫുട്‌ബോൾ ക്ലബ് ആർസനലിനെതിരെ കേസ് ഫയൽ ചെയ്ത് മുൻ കിറ്റ് മാനേജർ മാർക്ക് ബോണിക്. ഗസലിയെ ഇസ്രായേൽ അതിക്രമത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടതിന് കഴിഞ്ഞ വർഷം ഡിസംബറിലാണ് കോച്ചിങ് സ്റ്റാഫിനെ ക്ലബ് സസ്‌പെൻഡ് ചെയ്തത്. തുടർന്ന് പുറത്താക്കുകയും ചെയ്തു. അന്യായമായി പിരിച്ചുവിട്ടതിനെതിരെ എംപ്ലോയിമെന്റ് ട്രിബ്യൂണലിനാണ് 61 കാരനായ മാർക്ക് പരാതി നൽകിയത്. 2000 മുതൽ ഇംഗ്ലീഷ് ക്ലബിൽ പ്രവർത്തിച്ചുവരുന്നയാളാണ് മാർക്ക് ബോണിക്ക്.
അതേസമയം, ഗാസയിൽ നടത്തിവരുന്ന അതിക്രമങ്ങൾക്കെതിരെയാണ് പ്രതികരിച്ചതെന്നും തന്റെ സോഷ്യൽമീഡിയ പോസ്റ്റുകൾ സെമിറ്റിക് വിരുദ്ധമല്ലെന്നും അദ്ദേഹം പ്രതികരിച്ചു. 22 വർഷമായി പ്രവർത്തിച്ചുവരുന്ന മാനേജറെ അവഹേളിച്ച് പുറത്താക്കിയത് അംഗീകരിക്കാനാവില്ലെന്നും ബോണിക് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മുൻ മാനേജർ സമർപ്പിച്ച മറുപടിയിൽ അദ്ദേഹത്തിന്റെ പോസ്റ്റുകൾ സെമിറ്റിക് വിരുദ്ധമാണോ എന്ന് തീരുമാനിച്ചിട്ടില്ലെന്ന് ക്ലബ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ നിലപാട് മാറ്റിയ ക്ലബ് ബോണികിനെ പുറത്താക്കുകയായിരുന്നു.