
ഫ്രഞ്ച് ടീം പിഎസ്ജി ക്ലബ് ഫുട്ബോൾ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ കടന്നു. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ യുഎസ് ക്ലബ് സിയാറ്റിൽ സൗണ്ടേഴ്സിനെ 2–0ന് തോൽപിച്ചാണ് യൂറോപ്യൻ ചാംപ്യൻമാർ പ്രീക്വാർട്ടറിൽ സ്ഥാനം ഉറപ്പിച്ചത്. തോൽവിയോടെ സിയാറ്റിൽ ടൂർണമെന്റിൽ നിന്നു പുറത്തായി.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ബ്രസീലിയൻ ക്ലബ് ബോട്ടഫോഗോയെ 1–0ന് തോൽപിച്ചിട്ടും സ്പാനിഷ് ക്ലബ് അത്‌ലറ്റിക്കോ മഡ്രിഡിന് നോക്കൗട്ട് റൗണ്ടിൽ കടക്കാനായില്ല. ഇരു ടീമുകൾക്കും ഒരേ പോയിന്റ് ആയതോടെ ഗോൾ വ്യത്യാസത്തിൽ അത്‌ലറ്റിക്കോയെ മറികടന്ന ബോട്ടഫോഗോ പ്രീക്വാർട്ടറിൽ എത്തി.
ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ ബ്രസീൽ ക്ലബ് പാൽമിറാസിനോട് 2–2 സമനില വഴങ്ങിയ യുഎസ് ക്ലബ് ഇന്റർ മയാമിയും പ്രീക്വാർട്ടറിൽ കടന്നു. 29ന് നടക്കുന്ന പ്രീക്വാർട്ടർ മത്സരത്തിൽ പിഎസ്ജിയാണ് മയാമിയുടെ എതിരാളി. മറ്റൊരു മത്സരത്തിൽ പോർച്ചുഗൽ ക്ലബ് പോർട്ടോയെ ഈജിപ്ഷ്യൻ ക്ലബ് അൽ അഹ്‌ലി 4–4 സമനിലയിൽ പിടിച്ചു.
ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനക്കാരായി ലയണൽ മെസ്സിയുടെ ഇന്റർ മയാമി ക്ലബ് ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ കടന്നു. ഇന്നലെ നടന്ന അവസാന മത്സരത്തിൽ പാൽമിറാസിനെതിരെ 2–0ന് മുന്നിൽ നിന്ന ശേഷമായിരുന്നു മയാമി രണ്ടു ഗോളുകൾ വഴങ്ങിയത്.