
കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിൽ ബംഗ്ലാദേശിന് 77 റൺസിന്റെ തോൽവി. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 49.2 ഓവറിൽ 244 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിൽ ആദ്യം വിജയപ്രതീക്ഷയുണർത്തിയ ബംഗ്ലദേശ് പിന്നീട് തകർന്നടിയുന്ന കാഴ്ചയാണ് കണ്ടത്. 35.5 ഓവറിൽ 167 റൺസിന് ഓൾ ഔട്ടായി. ഇതോടെ മൂന്നു മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയിൽ ശ്രീലങ്ക 1–0ന് മുന്നിലെത്തി.
ശ്രീലങ്ക ഉയർത്തിയ 245 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലദേശ് ഒരു ഘട്ടത്തിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 100 റൺസുമായി വിജയത്തിലേക്കുള്ള കുതിപ്പിലായിരുന്നു. അർധസെഞ്ചറി നേടിയ തൻസിദ് ഹസനും നജ്മുൽ ഷാന്റോയും ചേർന്നുള്ള കൂട്ടുകെട്ടിന്റെ ബലത്തിൽ 16.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 100 റൺസെന്ന നിലയിലായിരുന്നു ബംഗ്ലദേശ്. എന്നാൽ പിന്നീട് വൻ ബാറ്റിങ് തകർച്ചയാണ് കാണാനായത്. എട്ടിന് 105 റൺസ് എന്ന നിലയിലേക്ക് എത്തി. അഞ്ച് റൺസ് കൂട്ടിച്ചേർത്തപ്പോഴേയും അവർ നഷ്ടമായത് 7 വിക്കറ്റുകൾ.
61 പന്തിൽ ഒൻപതു ഫോറും ഒരു സിക്സും സഹിതം 23 റൺസെടുത്ത ഓപ്പണർ തൻസിദ് ഹസൻ, 26 പന്തിൽ രണ്ട് ഫോറുകളോടെ 23 റൺസെടുത്ത നജ്മുൽ ഷാന്റോ, 16 പന്തിൽ മൂന്നു ഫോറുകളോടെ 13 റൺസെടുത്ത ഓപ്പണർ പർവേസ് ഹസുൻ ഇമമോൺ എന്നിവർക്കു ശേഷം വന്നവരിൽ തിളങ്ങിയത് 64 പന്തിൽ നാലു വീതം സിക്സും ഫോറും സഹിതം 51 റൺസെടുത്ത ജാകർ അലി മാത്രം. ബംഗ്ലാ നിരയിൽ 3 പേർ പൂജ്യത്തിനു പുറത്തായി.
അതേസമയം, പൊരുതി നേടിയ സെഞ്ചറിയുമായി മുന്നിൽനിന്ന് നയിച്ച ക്യാപ്റ്റൻ ചരിത് അസലങ്കയുടെ ഇന്നിങ്സാണ് ശ്രീലങ്കയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. അലസങ്ക 123 പന്തിൽ ആറു ഫോറും നാലു സിക്സും സഹിതം 106 റൺസെടുത്തു. കുശാൽ മെൻഡിസ് (43 പന്തിൽ 45), ജനിത് ലിയനാഗെ (40 പന്തിൽ 29), മിലൻ രത്‌നനായകെ (31 പന്തിൽ 22), വാനിന്ദു ഹസരംഗ (22 പന്തിൽ 22) എന്നിവരും തിളങ്ങി. ബംഗ്ലദേശിനായി ടസ്കിൻ അഹമ്മദ് നാലും തൻസിം ഹസൻ സാക്കിബ് മൂന്നും വിക്കറ്റ് വീഴ്ത്തി.