
ഈസ്റ്റ് റുഥർഫോഡ് : ഫിഫ ക്ലബ് ലോകകപ്പ് മത്സരത്തിൽ ആവേശം നിറഞ്ഞ കലാശപ്പോരാട്ടത്തിലെ നാടകീയ നിമിഷങ്ങൾക്കൊടുവിൽ ചെൽസി ജേതാക്കൾ. ആദ്യപകുതിയിൽ നേടിയ മൂന്നു ഗോളുകൾക്കാണ് ചെൽസി, പിഎസ്ജിയെ തകർത്തത്. ചെൽസിക്കായി കോൾ പാൽമർ ഇരട്ടഗോൾ നേടി. 22, 30 മിനിറ്റുകളിലായിരുന്നു പാൽമറിന്റെ ഗോളുകൾ. മൂന്നാം ഗോൾ 43–ാം മിനിറ്റിൽ പാൽമറിന്റെ അസിസ്റ്റിൽ നിന്ന് ജാവോ പെഡ്രോ നേടി.
ഗോൾകീപ്പർ ജിയാൻല്യൂജി ഡൊണ്ണാരുമ്മയുടെ തകർപ്പൻ സേവുകളാണ് കനത്ത തോൽവിയിൽനിന്ന് പിഎസ്ജിയെ രക്ഷിച്ചത്. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ ലിയാം ദെലാപ്പിന്റെ ഗോളെന്നുറപ്പിച്ച രണ്ടു ഷോട്ടുകളാണ് ഡൊണ്ണാരുമ്മ തടുത്തിട്ടത്. മറുവശത്ത് ചെൽസി ഗോൾകീപ്പർ റോബർട്ട് സാഞ്ചസും എണ്ണം പറഞ്ഞ സേവുകളുമായി ടീമിന്റെ രക്ഷകനായി.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും മത്സരം കാണാനെത്തിയിരുന്നു. ന്യൂ ജഴ്സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ഫൈനൽ വിസിലിനൊടുവിൽ ഇരുടീമുകളിലെയും താരങ്ങൾ ചേരിതിരിഞ്ഞ് പോർവിളി മുഴക്കിയത് ഫൈനലിൽ കല്ലുകടിയായി.
ചാംപ്യൻസ് ലീഗ് കിരീടനേട്ടത്തിന്റെ പകിട്ടുമായെത്തിയ പിഎസ്‌ജിക്കെതിരെ ഞെട്ടിക്കുന്ന പ്രകടനമാണ് ആദ്യപകുതിയിൽ ചെൽസി പുറത്തെടുത്തത്. ഇരട്ടഗോളും ഒരു അസിസ്റ്റുമായി മുന്നിൽ നിന്ന് നയിച്ച കോൾ പാൽമറായിരുന്നു ചെൽസിയുടെ ഹീറോ. മത്സരത്തിന്റെ തുടക്കത്തിൽ തൊടുത്ത ഒരു ഷോട്ട് പോസ്റ്റിലുരുമ്മി പുറത്തുപോയില്ലായിരുന്നെങ്കിൽ ആദ്യ പകുതിയിൽ തന്നെ ഹാട്രിക് തികയ്‌ക്കാനും പാൽമറിന് അവസരമുണ്ടായിരുന്നു. എന്നാൽ ഈ ഗോൾ നഷ്ടത്തിന്റെ നിരാശ മാറ്റി 22–ാം മിനിറ്റിൽത്തന്നെ കോൾ പാൽമറിലൂടെ ചെൽസി തിരിച്ചു പിടിച്ചു. ആദ്യ ഗോളിന്റെ ആരവമടങ്ങും മുൻപേ ചെൽസി വീണ്ടും ലക്ഷ്യം കണ്ടു. ഇതോടെ സ്കോർ 2–0 എന്ന നിലയിലായി.
തിരിച്ചടിക്കാനുള്ള തീവ്രശ്രമങ്ങളുമായി പിഎസ്ജി കളംപിടിക്കാൻ ശ്രമിക്കുന്നതിനിടെ ചെൽസി മൂന്നാം ഗോളും നേടി. പിഎസ്ജി ബോക്സിനു സമീപം പന്തു ലഭിച്ച കോൾ പാൽമർ അത് മുൻപിലോടിയ ജാവോ പെഡ്രോയ്‌ക്ക് മറിച്ചു. തടയാനെത്തിയ പിഎസ്ജി ഗോൾകീപ്പർ ജിയാൻല്യൂജി ഡൊണ്ണാരുമ്മയെ കാഴ്ചക്കാരനാക്കി പെഡ്രോ പന്ത് ചിപ് ചെയ്ത് വലയിലേക്കിട്ടു. സ്കോർ 3–0.