ഫിഫ ലോകകപ്പ് 2026: 12 ഗ്രൂപ്പുകളും, മത്സരക്രമവും | FIFA World Cup 2026

ആദ്യ മത്സരം മെക്സിക്കോ – ദക്ഷിണാഫ്രിക്ക
FIFA
Updated on

ന്യൂയോര്‍ക്ക്: 2026ൽ യുഎസിലും മെക്സിക്കോയിലും കാനഡയിലുമായി നടക്കുന്ന ഫുട്ബോൾ ലോകകപ്പിന്‍റെ മത്സരക്രമം പുറത്തുവന്നു. നിലവിലെ ജേതാക്കളായ അർജന്‍റീന ഗ്രൂപ്പ് ജെയിലും അഞ്ച് തവണ ലോക ജേതാക്കളായ ബ്രസീൽ ഗ്രൂപ്പ് സിയിലും മത്സരിക്കും. പ്രത്യക്ഷത്തിൽ മരണഗ്രൂപ്പ് എന്ന് പറയാവുന്ന ഗ്രൂപ്പുകളില്ല.

ഇതാദ്യമായാണ് ലോകകപ്പിൽ 48 ടീമുകൾ അണിനിരക്കുന്നത്. നിലവിലെ ചാംപ്യന്മാരായ അർജന്റീനയ്ക്കും ഇത്തവണ ലോകകപ്പ് നേടാൻ ഉറച്ചു വരുന്ന ബ്രസീലിനുമെല്ലാം അനായാസമായി രണ്ടാം റൗണ്ടിലെത്താവുന്ന തരത്തിലാണു ഗ്രൂപ്പുകൾ. വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നായി പ്ലേഓഫ് ജയിച്ച് 6 ടീമുകൾ കൂടി എത്തിയതിനു ശേഷമേ ലോകകപ്പിന്റെ പൂർണമായ ചിത്രം വ്യക്തമാകൂ.

48 ടീമുകൾ പങ്കെടുക്കുന്ന ആദ്യ ലോകകപ്പിൽ വമ്പൻ ടീമുകൾക്കു ഗ്രൂപ്പ് റൗണ്ട് വെല്ലുവിളിയാകില്ലെന്നാണു വിലയിരുത്തൽ. ഓരോ ഗ്രൂപ്പിലെയും ആദ്യ 2 സ്ഥാനക്കാരും മൂന്നാം സ്ഥാനത്തെത്തുന്ന മികച്ച 8 ടീമുകളും നോക്കൗട്ട് റൗണ്ടിൽ കടക്കുമെന്നതിനാലാണിത്. ലോകകപ്പിന്റെ മത്സരക്രമം, തീയതി, വേദി തുടങ്ങിയവ പിന്നീടു പ്രഖ്യാപിക്കുമെന്നു താരനിബിഡമായ ചടങ്ങിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോ പ്രഖ്യാപിച്ചു. യുഎസിലും മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലുമായി അടുത്ത വർഷം ജൂൺ 11 മുതൽ ജൂലൈ 19 വരെയാണ് ലോകകപ്പ് അരങ്ങേറുന്നത്.

വാഷിങ്ടനിലെ കെന്നഡി സെന്ററിൽ നടന്ന ചടങ്ങിൽ മെക്സിക്കോ പ്രസിഡന്റ് ക്ലൗഡിയ ഷെയ്ൻബോം, കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി എന്നിവരും പങ്കെടുത്തു. ഇംഗ്ലിഷ് ഫുട്ബോളറും മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരവുമായ റിയോ ഫെർഡിനാൻഡ് നറുക്കെടുപ്പ് നിയന്ത്രിച്ചു. അമേരിക്കൻ ഫുട്ബോൾ ഇതിഹാസം ടോം ബ്രാഡി, ബാസ്കറ്റ്ബോൾ ഇതിഹാസം ഷാക്വിൽ ഒ നീൽ, ഹോക്കി താരം വെയ്ൻ ഗ്രെറ്റ്സ്കി, ഓൾസ്റ്റാർ ബേസ്ബോൾ താരം ആരോൺ ജഡ്ജ് എന്നിവരും ടീം നറുക്കെടുപ്പിൽ പങ്കെടുത്തു. ആകെ 104 മത്സരങ്ങളാണ് ഇത്തവണ ലോകകപ്പിലുണ്ടാകുക.

2026 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ജൂൺ 11ന്, മെക്സിക്കോ ദക്ഷിണാഫ്രിക്കയെ നേരിടും. 1970, 1986 ലോകകപ്പുകളുടെ വേദിയായ അസ്റ്റെക്ക സ്റ്റേഡിയത്തിലാണ് ഈ മത്സരം നടക്കുക. 12 ന് മറ്റ് ആതിഥേയ ടീമുകളായ യുഎസിന്റെയും കാനഡയുടെയും മത്സരങ്ങൾ. യുഎസ് പാരഗ്വായെയും കാനഡ യൂറോപ്യൻ പ്ലേ ഓഫ് ബി ജേതാവിനെയുമാണു നേരിടുക. കാനഡയുടെ എതിരാളി മുൻ ലോകചാംപ്യന്മാരായ ഇറ്റലിയാകാനാണ് സാധ്യത.

2026 ഫിഫ ലോകകപ്പ് ഗ്രൂപ്പുകൾ:

ഗ്രൂപ്പ് എ ‌- മെക്സിക്കോ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, യൂറോപ്യൻ പ്ലേ ഓഫ്– ഡി ജേതാവ്

ഗ്രൂപ്പ് ബി - കാനഡ‌, യൂറോപ്യൻ പ്ലേ ഓഫ് എ– ജേതാവ്, ഖത്തർ, സ്വിറ്റ്സർലൻഡ്

ഗ്രൂപ്പ് സി - ബ്രസീൽ, മൊറോക്കോ, ഹെയ്തി, സ്കോട്‌ലൻഡ്

ഗ്രൂപ്പ് ഡി - യുഎസ്എ, പാരഗ്വായ്, ഓസ്ട്രേലിയ, യൂറോപ്യൻ പ്ലേ ഓഫ് സി– ജേതാവ്

ഗ്രൂപ്പ് ഇ - ജർമനി, ക്യുറസാവോ, ഐവറി കോസ്റ്റ്, ഇക്വഡോർ

ഗ്രൂപ്പ് എഫ് - നെതർലൻഡ്സ്, ജപ്പാൻ‌, യൂറോപ്യൻ പ്ലേ ഓഫ് ബി – ജേതാവ്, തുനീസിയ

ഗ്രൂപ്പ് ജി - ബൽജിയം, ഈജിപ്ത്, ഇറാൻ, ന്യൂസീലൻഡ്

ഗ്രൂപ്പ് എച്ച് - സ്പെയിൻ, കെയ്പ് വെർഡി, സൗദി അറേബ്യ, യുറഗ്വായ്

ഗ്രൂപ്പ് ഐ‌ - ഫ്രാൻസ്, സെനഗൽ, ഫിഫ പ്ലേ ഓഫ് 2– ജേതാവ്, നോർവേ

ഗ്രൂപ്പ് ജെ - അർജന്റീന, അൽജീരിയ, ഓസ്ട്രിയ, ജോർദാൻ

ഗ്രൂപ്പ് കെ - പോർച്ചുഗൽ, ഫിഫ പ്ലേ ഓഫ് 1 – ജേതാവ്, ഉസ്ബെക്കിസ്ഥാൻ, കൊളംബിയ

‌ഗ്രൂപ്പ് എൽ - ഇംഗ്ലണ്ട്, ക്രൊയേഷ്യ, ഘാന, പാനമ ‌

Related Stories

No stories found.
Times Kerala
timeskerala.com