ഖത്തർ വേദിയാകുന്ന ഫിഫ അണ്ടർ 17 ലോകകപ്പ്, അറബ് കപ്പ് ടൂർണമെന്റുകളുടെ മത്സരത്തിന്റെ ടീമുകളെ ഇന്ന് അറിയാം. രാത്രി എട്ട് മണിക്ക് ലുസൈലിൽ നടക്കുന്ന നറുക്കെടുപ്പിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ അടക്കമുള്ള പ്രമുഖർ പങ്കെടുക്കും.
48 രാജ്യങ്ങളാണ് ഫിഫ അണ്ടർ 17 ലോകകപ്പിൽ പങ്കെടുക്കുന്നത്. ഈ ടീമുകളെ 12 ഗ്രൂപ്പുകളായി തിരിക്കുന്ന പ്രക്രിയയാണ് ഇന്ന് നടക്കുന്നത്. ഓരോ ഗ്രൂപ്പിലും നാല് ടീമുകളുണ്ടാകും. നവംബർ 3 മുതൽ 27 വരെയാണ് ടൂർണമെന്റ് നടക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് സ്ഥാനക്കാരും മികച്ച എട്ട് മൂന്നാം സ്ഥാനക്കാരും നോക്കൌട്ടിലേക്ക് യോഗ്യത നേടും. 25 ദിവസത്തിനിടെ 104 മത്സരങ്ങളാണ് ടൂർണമെന്റിൽ നടക്കുക. കൗമാര ലോകകപ്പിലെ വമ്പൻമാർ നൈജീരിയയാണ്, അഞ്ച് കിരീടങ്ങൾ നേടിയിട്ടുണ്ട്. ബ്രസീലാണ് രണ്ടാമത്, നാല് കപ്പുണ്ട്. സൗദിയാണ് കിരീടം നേടിയിട്ടുള്ള ഏക അറബ് ടീം.
ഡിസംബറിൽ നടക്കുന്ന അറബ് കപ്പിന്റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പും ഇന്ന് നടക്കും. അറബ് കപ്പിനുള്ള 16 ടീമുകളിൽ ഒമ്പത് ടീമുകൾ നേരിട്ട് യോഗ്യത നേടിയിട്ടുണ്ട്. ഫിഫ റാങ്കിങ്ങാണ് മാനദണ്ഡം. ബാക്കിയുള്ള ഏഴ് ടീമുകളെ പ്ലേ ഓഫ് മത്സരങ്ങളിലൂടെ കണ്ടെത്തും.