2030 ൽ 64 ടീമുകൾ; ലോകകപ്പിൽ വമ്പൻ മാറ്റത്തിനൊരുങ്ങി ഫിഫ | World Cup 2030

ലോകകപ്പ് ഫുട്ബാളിന്റെ നൂറാം വാർഷിക മേളയായാണ് 2030 ലോകകപ്പ് സംഘടിപ്പിക്കുന്നത്.
FIFA
Published on

ലോകകപ്പിൽ സമൂലമായ മാറ്റങ്ങൾക്ക് ആഗോള ഫുട്ബോൾ ഭരണസമിതിയായ ഫിഫ തയ്യാറെടുക്കുന്നു. 2030 ലോകകപ്പിൽ ടൂർണമെന്റ് 64 ടീമുകളായി വികസിപ്പിക്കാനുള്ള നടപടി ഫിഫ സ്വീകരിച്ചു. 2026 ലോകകപ്പിന്റെ ആതിഥേയ രാജ്യമായ അമേരിക്കയിലുള്ള ഫിഫ പ്രസിഡന്റ് ഗിയാനി ഇൻഫാന്റിനോ ഇതുസംബന്ധിച്ച് ചർച്ചകൾ ആരംഭിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട്ചെയ്യുന്നു.

തെക്കൻ അമേരിക്കൻ ഫുട്ബാൾ ഡെഫറേഷൻ പ്രസിഡന്റ് അയലാന്ദ്രോ ഡൊമിൻഗസ്, അർജന്റീന, യുറുഗ്വായ്, പരഗ്വേ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റുമാർ എന്നിവരുമായി ഇൻഫന്റിനോ ന്യൂയോർക്കിലെ ട്രംപ് ടവറിൽ കൂടികാഴ്ച നടത്തി. ലോകകപ്പ് ഫുട്ബാളിന്റെ നൂറാം വാർഷിക മേളയായാണ് 2030 ലോകകപ്പ് സംഘടിപ്പിക്കുന്നത്. ആഫ്രിക്ക, യൂറോപ്പ്, തെക്കൻ അമേരിക്ക എന്നീ മൂന്ന് വൻകരകളിലെ മൊറോക്കോ, പോർചുഗൽ, സ്​പെയിൻ, അർജന്റീന, പരഗ്വേ, ഉറുഗ്വായ് രാജ്യങ്ങളിലായാണ് നൂറാം വാർഷികാഘോഷ ലോകകപ്പ് അരങ്ങേറുന്നത്. സെഞ്ച്വറി ലോകകപ്പിനെ ഏറ്റവും വലിയ പങ്കാളിത്തമുള്ള ചാമ്പ്യൻഷിപ്പാക്കി മാറ്റാനാണ് ഫിഫയുടെ നീക്കം.

2022വരെ 32 ടീമുകളുടെ ടൂർണമെന്റായി നടക്കുന്ന ഫിഫ ലോകകപ്പ് 2026ൽ ആദ്യമായി 48 ടീം ടൂർണമെന്റായി നടക്കാൻ ഒരുങ്ങുന്നതിനിടെയാണ് വീണ്ടും എണ്ണം വർധിപ്പിക്കാൻ ഫിഫ ഒരുങ്ങുന്നത്. 1978 വരെ 16 ടീമുകളുടെ പോരാട്ടമായിരുന്ന ലോകകപ്പ് 1982ലാണ് ആദ്യമായി 24ലേക്കുയരുന്നത്. 1998ൽ ടീമുകളുടെ എണ്ണം 32ലെത്തി. 2026ൽ അമേരിക്ക, മെക്സികോ, കാനഡ രാജ്യങ്ങളിലായി നടക്കുമ്പോൾ 48ലേക്കുയരും. 64ലേക്കുയരുന്നതോടെ തെക്കനമേരിക്കയിലെ 10 ടീമുകൾക്കും ലോകകപ്പിൽ കളിക്കാൻ അവസരമൊരുങ്ങും. കന്നി ലോകകപ്പ് പ്രവേശനം കാത്തിരിക്കുന്ന വെനിസ്വേലക്കും ഇതുവഴി ലോകകപ്പിൽ ഇടം പിടിക്കാനാകും.

Related Stories

No stories found.
Times Kerala
timeskerala.com