

പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ശിക്ഷയിൽ ഇളവ് നൽകി ഫിഫ. ഇതോടെ, ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരം മുതൽ ടീമിനൊപ്പം ക്രിസ്റ്റ്യാനോ റൊണാൾഡോയും ഉണ്ടാകുമെന്ന സന്തോഷത്തിലാണ് ആരാധകർ. നവംബർ 13ന് നടന്ന ലോകകപ്പ് ക്വാളിഫയർ റൗണ്ട് മത്സരത്തിനിടെ അയർലൻഡ് താരത്തെ കൈമുട്ടുകൊണ്ട് ഇടിച്ച ക്രിസ്റ്റ്യാനോയ്ക്ക് റെഡ് കാർഡ് ലഭിച്ചിരുന്നു. ഇതിനു പിന്നാലെ താരത്തെ 3 മത്സരങ്ങളിൽ നിന്നു വിലക്കാനും ഫിഫ തീരുമാനിച്ചു.
ഇതിനെ തുടർന്ന്, 16ന് അർമേനിയയ്ക്കെതിരെ നടന്ന മത്സരം വിലക്കു മൂലം ക്രിസ്റ്റ്യാനോയ്ക്ക് നഷ്ടപ്പെട്ടിരുന്നു. ലോകകപ്പിനു മുൻപ് പോർച്ചുഗലിന് മറ്റ് രാജ്യാന്തര മത്സരങ്ങളില്ല. ഇതോടെ ലോകകപ്പിലെ ആദ്യ രണ്ടു മത്സരങ്ങൾ കൂടി ക്രിസ്റ്റ്യാനോയ്ക്ക് നഷ്ടപ്പെടുമെന്ന സ്ഥിതിയായിരുന്നു. എന്നാൽ പോർച്ചുഗൽ താരത്തിന് ശിക്ഷയിൽ ഇളവു നൽകിയതായി ഫിഫ അധികൃതർ ഇന്നലെ അറിയിച്ചു.