
ഇന്ത്യൻ അണ്ടർ19 ഓപ്പണർ വൈഭവ് സൂര്യവംശി ലോക ക്രിക്കറ്റിൽ വീണ്ടും റെക്കോർഡ് സൃഷ്ടിച്ചു. വോർസെസ്റ്ററിൽ ഇംഗ്ലണ്ടിനെതിരായ നാലാമത്തെ ഏകദിനത്തിൽ 52 പന്തിൽ നിന്ന് സെഞ്ച്വറി തികച്ചു 14 കാരൻ. ഇതോടെ പാക്കിസ്ഥാന്റെ കമ്രാൻ ഗുലാം സ്ഥാപിച്ച 53 പന്തുകളുടെ റെക്കോർഡാണ് മറികടന്നത്. 10 ഫോറുകളും 7 സിക്സുകളും അടങ്ങുന്നതാണ് വൈഭവിന്റെ സെഞ്ച്വറി ഇന്നിങ്‌സ്.
മത്സരത്തിൽ ഇംഗ്ലണ്ട് ബൗൾ ചെയ്യാനെത്തുമ്പോൾ സൂര്യവംശി ക്യാപ്റ്റൻ ആയുഷ് മന്ത്രയ്‌ക്കൊപ്പം ഇന്നിംഗ്സ് തുറന്നു. നാലാം ഓവറിൽ ജെയിംസ് മിന്റോ എറിഞ്ഞ പന്തിൽ മന്ത്ര പുറത്തായതോടെ ഇന്ത്യൻ സ്കോർബോർഡ് 14/1 എന്ന നിലയിലായിരുന്നു. പിന്നെ കണ്ടതു സൂര്യവംശിയുടെ വെടിക്കെട്ടായിരുന്നു. 52 പന്തുകളിൽ നിന്ന് വൈഭവ് തന്റെ സെഞ്ച്വറി തികച്ചു. 78 പന്തുകളിൽ നിന്ന് ശ്രദ്ധേയമായ 143 റൺസ് നേടി. 13 ബൗണ്ടറികളും 10 സിക്സറുകളും ഉൾപ്പെടുന്നതാണ് വൈഭാവിന്റെ ഇന്നിംഗ്സ്. സൂര്യവംശി പുറത്താകുമ്പോഴേക്കും ഇന്ത്യൻ സ്കോർബോർഡ് 234/2 എന്ന നിലയിലേക്കെത്തിയിരുന്നു.
വളരെ പതിയെയായിരുന്നു വൈഭവിന്റെ തുടക്കം. പിന്നാലെ കത്തിക്കയറിയ താരം ഇംഗ്ലണ്ട് ബൗളർമാരെ തലങ്ങും വിലങ്ങും അടിച്ചു പറത്തുകയായിരുന്നു. 24 പന്തിൽ ആണ് വൈഭവ് അർധ സെഞ്ച്വറി തികച്ചത്. പിന്നാലെ 52 പന്തിൽ നിന്ന് സെഞ്ചറിയും.