
മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഫാറോഖ് എഞ്ചിനീർക്ക് ആദരവുമായി ഓൾഡ് ട്രാഫോഡ് ക്രിക്കറ്റ് സ്റ്റേഡിയം. താരത്തിന്റെ പേര് സ്റ്റേഡിയത്തിലെ ഒരു സ്റ്റാൻഡിന് നൽകാൻ തീരുമാനമായി. സച്ചിൻ ടെണ്ടുൽക്കറിന് ശേഷം വിദേശ മണ്ണിൽ ഇത്തരമൊരു ആദരവ് ലഭിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് താരമാണ് ഫാറോഖ് എഞ്ചിനീർ. 2023 ൽ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് സച്ചിന്റെ പേരിലുള്ള സ്റ്റാൻഡിന്റെ അനാച്ഛാദനം നടന്നത്.
1961 മുതൽ 1975 വരെ ഇന്ത്യൻ ടീമിന്റെ ഭാഗമായ താരം 46 ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യക്കുവേണ്ടി കളിച്ചിട്ടുണ്ട്. മുംബൈയിലെ പാഴ്സി കുടുംബത്തിൽ ജനിച്ച എഞ്ചിനീർ, ബോംബെ ടീമിനായും ലാൻഷൈർ കൗണ്ടി ക്രിക്കറ്റ് ക്ലബ്ബിനായും കളിച്ചിട്ടുണ്ട്. 1961 ൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലൂടെയാണ് ഫാറോഖ് എഞ്ചിനീർ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറുന്നത്.
1968 ൽ കൗണ്ടി ക്രിക്കറ്റ് ക്ലബുകൾക്ക് വിദേശ താരങ്ങളെ ടീമിലെത്തിക്കാൻ അനുമതി ലഭിച്ചു. ഇതിന് പിന്നാലെ വിൻഡീസ് താരം ക്ലിവ് ലോയിഡിനൊപ്പം ലാൻഷൈർ ക്ലബ് എഞ്ചിനീറെ ടീമിലെത്തിച്ചു. 9 വർഷക്കാലം ടീമിനൊപ്പം കളിച്ച താരം നിരവധി കിരീടനേട്ടങ്ങളിൽ പങ്കാളിയായി. 1976 ൽ വിരമിക്കൽ പ്രഖ്യാപിച്ച താരം പിൻകാലത്ത് ക്ലബിന്റെ വൈസ് പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.