

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ട്വന്റി20യിൽ മോശം ബാറ്റിങ് പ്രകടനം നടത്തിയ ശുഭ്മൻ ഗില്ലിനെ ട്രോളി ആരാധകർ. കട്ടക്കിൽ നടന്ന മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ ഗിൽ രണ്ട് പന്തിൽ നാലു റൺസ് മാത്രമെടുത്ത് പുറത്തായി. സഞ്ജു സാംസണിനെ ഓപ്പണർ സ്ഥാനത്തുനിന്നു മാറ്റിയാണ് ബിസിസിഐ ശുഭ്മൻ ഗില്ലിന് പ്രതിഷ്ഠിച്ചത്. എന്നാൽ ഈ വർഷം കളിച്ച 13 മത്സരങ്ങളിൽ ഒരു അർധ സെഞ്ചറി പോലും ഗില്ലിന് ട്വന്റി20യിൽ നിന്നു നേടാൻ സാധിച്ചില്ല.
ബാറ്റിങ്ങിനിറങ്ങിയാൽ മാഗി നൂഡിൽസ് തയാറാകുന്ന സമയം കൊണ്ട് ഗിൽ ഡ്രസിങ് റൂമിൽ തിരിച്ചെത്തുമെന്നാണ് ആരാധകരുടെ പരിഹാസം. നിരവധി പേരാണ് ഗില്ലിനെ പരിഹസിച്ച് സമൂഹമാധ്യമങ്ങളിൽ പ്രതികരിക്കുന്നത്. ലുങ്കി എൻഗിഡിയുടെ ആദ്യ ഓവറിലെ മൂന്നാം പന്തിൽ അനായാസമായൊരു ക്യാച്ചെടുത്ത് മാർകോ യാൻസനാണു ഗില്ലിനെ മടക്കിയത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിനിടെയാണ് ഗില്ലിനു കഴുത്തിനു പരുക്കേറ്റത്. ടെസ്റ്റ് പരമ്പരയും ഏകദിന പരമ്പരയും നഷ്ടമായ ഗിൽ, ബിസിസിഐ സെന്റർ ഓഫ് എക്സലൻസിന്റെ അനുമതിയോടെയാണ് ട്വന്റി20 കളിക്കാനെത്തിയത്. എന്നാൽ ആദ്യ പോരാട്ടത്തില്‍ നിരാശയോടെ മടങ്ങേണ്ടിവന്നു.
ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിലും ഓപ്പണറായി ഇറങ്ങിയ ഗില്ലിന് വലിയ സ്കോറുകൾ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ട്വന്റി20 ലോകകപ്പ് അടുത്തിരിക്കെ ഗില്ലിന് ഫോം കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ അതു ബിസിസിഐയ്ക്കും തലവേദനയാകും.