
ഏഷ്യാകപ്പ് ക്രിക്കറ്റിനായി ദുബായിലെത്തിയ ഇന്ത്യൻ ടീം, പരിശീലനത്തിനു ശേഷം മടങ്ങുമ്പോൾ സഞ്ജു സാംസണുവേണ്ടി ആർത്തുവിളിച്ച് ആരാധകർ. ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, അഭിഷേക് ശര്‍മ, ശുഭ്മൻ ഗിൽ, തിലക് വർമ, സഞ്ജു സാംസൺ എന്നിവർ മടങ്ങുന്നതിനിടെയാണ് പരിശീലനം കാണാനെത്തിയ ആരാധകർ സഞ്ജുവിന്റെ പേര് ആർത്തുവിളിച്ചത്. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ചിരിച്ചുകൊണ്ട് ആരാധകരെ പ്രോത്സാഹിപ്പിക്കുന്നതും വിഡിയോയിലുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഇന്ത്യൻ ടീമിന്റെ പരിശീലനം കാണാനെത്തിയ ആരാധകരിൽ ചിലർക്കൊപ്പം സെൽഫിയെടുത്ത സഞ്ജു, ഓട്ടോഗ്രാഫും നൽകിയാണ് ടീം ബസിലേക്ക് കയറിയത്. ഏഷ്യാകപ്പിൽ ഓപ്പണറാകുമോ അതോ മിഡിൽ ഓർഡറിൽ കളിക്കുമോയെന്ന് ആരാധകരിൽ ചിലർ സഞ്ജുവിനോടു ചോദിക്കുന്നുണ്ട്. എന്നാല്‍ ചോദ്യങ്ങൾക്കു സഞ്ജു മറുപടി നൽകിയില്ല.
ട്വന്റി20യിൽ ശുഭ്മൻ ഗിൽ കളിക്കാതിരുന്നതു കൊണ്ടാണ് സഞ്ജു ഓപ്പണറായതെന്നും ഓപ്പണർമാരെ യുഎഇയിൽ എത്തി പരിശീലനം തുടങ്ങിയ ശേഷമാകും തീരുമാനിക്കുകയെന്നുമാണ് സിലക്ടർ അജിത് അഗാർക്കർ ടീം സിലക്ഷന്റെ സമയത്തു പറഞ്ഞത്.
ഓപ്പണർ സ്ഥാനം ലഭിച്ചില്ലെങ്കിൽ ബാറ്റിങ് ക്രമത്തിൽ സഞ്ജു താഴേക്ക് ഇറങ്ങേണ്ടിവരും. ഓപ്പണിങ് സ്ഥാനത്തിനു പുറമേ, വൺഡൗണായും ഫിനിഷർ ആയും സഞ്ജുവിനെ ടീമിൽ ഉപയോഗിക്കാൻ സാധിക്കും. ഏഷ്യാകപ്പ് ടീമിലെ പ്രധാന വിക്കറ്റ് കീപ്പറാണ് സഞ്ജു സാംസൺ.