ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് കാണാൻ പാക്ക് ജഴ്സി ധരിച്ചെത്തി ആരാധകൻ; ജേഴ്‌സി മാറ്റണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ, തർക്കം – വിഡിയോ വൈറൽ | Manchester Test

മാഞ്ചസ്റ്റർ ഓൾഡ് ട്രാഫഡ് സ്റ്റേഡിയത്തിലെ നിയമപ്രകാരം കളിക്കുന്ന ടീമുകളുടെ ജഴ്സികളും പതാകകളും ബാനറുകളും മാത്രമേ സ്റ്റേഡിയത്തിൽ അനുവദിക്കൂ.
Pak
Published on

മാഞ്ചസ്റ്റർ: ഇന്ത്യ – ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റിനിടെ പാക്കിസ്ഥാൻ ജഴ്സിയണിഞ്ഞ് കളി കാണാനെത്തിയ ആരാധകനോട് ജഴ്സി മാറ്റാൻ ആവശ്യപ്പെട്ട് സുരക്ഷാ ഉദ്യോഗസ്ഥർ. ജഴ്സി മാറ്റാനുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശത്തെ എതിർത്ത പാക്ക് ആരാധകൻ തന്നെ പകർത്തിയ വിഡിയോ ദൃശ്യങ്ങൾ വൈറൽ. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് ലങ്കാഷയർ വ്യക്തമാക്കി. ഫാറൂഖ് നാസർ എന്ന ആരാധകനോടാണ് പാക്കിസ്ഥാൻ ജഴ്സി മാറ്റാൻ ആവശ്യപ്പെട്ടതെന്ന് പാക്ക് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.

പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ പച്ച ജഴ്സി ധരിച്ചെത്തിയ ഇയാളോട്, ഓൾഡ് ട്രാഫഡിലെ സ്റ്റേഡിയം ജീവനക്കാരിൽ ഒരാളാണ് ആദ്യമെത്തി ഇത് മാറ്റാൻ ആവശ്യപ്പെട്ടത്. കളിയിലില്ലാത്ത ടീമുകളുടെ ജഴ്സി സ്റ്റേഡിയത്തിൽ അനുവദനീയമല്ലെന്നും ജീവനക്കാരൻ അറിയിച്ചു. സംഭവം തർക്കമായി മാറിയതോടെ സമീപത്തുണ്ടായിരുന്ന ആരാധകരിൽ ചിലരും മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്താൻ തുടങ്ങി.

തനിക്ക് സമീപമിരിക്കുന്ന ഇന്ത്യൻ ആരാധകർക്കൊന്നും താൻ പാക്കിസ്ഥാൻ ജഴ്സി ധരിക്കുന്നതിൽ എതിർപ്പില്ലെന്ന് പാക് ആരാധകൻ ചൂണ്ടിക്കാട്ടി. പാക്ക് ആരാധകനും വിഡിയോ പകർത്താനാരംഭിച്ചതോടെ, സ്റ്റേഡിയം ജീവനക്കാരൻ മറ്റ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. പാക്ക് ആരാധകൻ ജഴ്സി മാറ്റാൻ തയാറാകാതെ വന്നതോടെ, ഉദ്യോഗസ്ഥർ ഇടപെട്ട് ഇയാളെ ഗാലറിയിൽനിന്ന് പുറത്തേക്കു കൊണ്ടുപോയി.

മത്സരത്തിന് വേദിയായ മാഞ്ചസ്റ്റർ ഓൾഡ് ട്രാഫഡ് സ്റ്റേഡിയത്തിലെ നിയമപ്രകാരം കളിക്കുന്ന ടീമുകളുടെ ജഴ്സികളും പതാകകളും ബാനറുകളും മാത്രമേ സ്റ്റേഡിയത്തിൽ അനുവദിക്കൂ. സുരക്ഷാ ജീവനക്കാരുടെ നടപടി സമൂഹമാധ്യമങ്ങളിൽ ചർച്ചക്കിടയാക്കി. . ഇന്ത്യ – ഇംഗ്ലണ്ട് മത്സരത്തിൽ ഈ രണ്ടു ടീമുകളുടെ ജഴ്സി ധരിക്കാൻ മാത്രമേ അനുവാദമുണ്ടായിരുന്നുള്ളൂ എന്ന് ഒരു വിഭാഗം ആരാധകർ ചൂണ്ടിക്കാട്ടി. അതേസമയം, നടപടി വിവേചനമാണെന്ന് മറ്റൊരു വിഭാഗവും ചൂണ്ടിക്കാട്ടുന്നു.

Related Stories

No stories found.
Times Kerala
timeskerala.com